ഭക്ഷണരീതിയിലും ഭക്ഷണ സമയത്തിലും വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും ആരോഗ്യത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കും.രക്തത്തിലെ പഞ്ചസാര, കൊളസ്ട്രോള്‍, രക്തസമ്മർദം എന്നിവ കൃത്യമായി നിലനിർത്താൻ സഹായിക്കുന്ന ചില ആരോഗ്യ നുറുങ്ങുകള്‍ അറിഞ്ഞിരിക്കാം.
1. ബ്ലാക്ക് കോഫിയിലൂടെ മെറ്റബോളിസം വർധിപ്പിക്കാം
ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സീറോ-കാലറി പാനീയമാണ് ബ്ലാക്ക് കോഫി. മെറ്റബോളിസം താത്കാലികമായി വർധിപ്പിക്കാനും, കൊഴുപ്പ് എരിച്ചു കളയാനും, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ബ്ലാക്ക് കോഫിയില്‍ പഞ്ചസാര, ക്രീമർ, കൃത്രിമ ഫ്ലേവറുകള്‍ എന്നിവ ചേർക്കാൻ പാടില്ല. ഇവ ശരീരത്തില്‍ അധിക കാലറിയും കൊഴുപ്പും എത്തുവാൻ കാരണമാകും.
2. ശരീരത്തിന് കുളിർമയും വൃക്കകള്‍ക്ക് ആരോഗ്യവും നല്കാൻ കരിക്കിൻ വെള്ളം
സാധാരണ വെള്ളം കുടിച്ച് മടുക്കുമ്പോള്‍ പകരം കരിക്കിൻ വെള്ളം തിരഞ്ഞെടുക്കാം. ചൂടുള്ള അന്തരീക്ഷത്തിലും വ്യായാമത്തിന് ശേഷവും ശരീരം തളരാതിരിക്കാൻ കരിക്കിൻ വെള്ളം മികച്ചതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പോലുള്ള ഇലക്ട്രോലൈറ്റുകള്‍ പെട്ടെന്ന് ഊർജം വീണ്ടെടുക്കാൻ സഹായിക്കും. ശരീരത്തില്‍ ആവശ്യത്തിന് ജലാംശം നിലനിർത്തുന്നത് സന്ധികള്‍ക്കും ദഹനവ്യവസ്ഥയ്ക്കും വൃക്കകളുടെ ആരോഗ്യത്തിനും ഒരുപോലെ നല്ലതാണ്.
3. ബിപി കുറയ്ക്കാൻ ഹിബിസ്കസ് ടീയില്‍ ചിയാ സീഡ്സ്
ചെമ്പരത്തി ചായയില്‍ ചിയാ സീഡ്സ് ചേർത്ത് കുടിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. ഇവ രണ്ടും രക്തസമ്മർദം ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കും. ഒരു കപ്പ് ചെമ്പരത്തി ചായയില്‍ ഒന്നര ടേബിള്‍സ്പൂണ്‍ ചിയാ സീഡ്സ് ചേർത്ത് ഉപയോഗിച്ച് തുടങ്ങാം. കുറഞ്ഞ രക്തസമ്മർദമുള്ളവരോ ഉയർന്ന ഫൈബർ അടങ്ങിയ ഭക്ഷണം കഴിച്ച് ശീലമില്ലാത്തവരോ പെട്ടെന്ന് ഇതിന്റെ അളവ് കൂട്ടരുത്. ആവശ്യമാണെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടാം.
4. കൊളസ്ട്രോള്‍ നിയന്ത്രിക്കാൻ വയനയില
പാചകത്തില്‍ വയനയില ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. പ്രത്യേകിച്ച് ‘ലാറസ് നോബിലിസ്’ എന്ന ശാസ്ത്രീയ നാമമുള്ള വയനയിലയാണ് ഇതിന് ഏറ്റവും അനുയോജ്യം. എന്നാല്‍, കൊളസ്ട്രോള്‍ കുറയ്ക്കാൻ വയനയില മാത്രം ഉപയോഗിക്കുന്നത് ശാസ്ത്രീയമായി പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ല. അതിനാല്‍ ഇത് കൊളസ്ട്രോളിനുള്ള മരുന്നുകള്‍ക്ക് പകരമാവില്ലെന്ന് ഓർക്കുക.
5. പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ അത്താഴം നേരത്തെയാക്കാം
രക്തത്തിലെ ഗ്ലൂക്കോസ് അളവ് നിയന്ത്രിക്കുന്നതില്‍ കഴിക്കുന്ന ഭക്ഷണത്തോടൊപ്പം അത് കഴിക്കുന്ന സമയവും പ്രധാനമാണ്. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് അസന്തുലിതമാക്കാൻ സാധ്യതയുണ്ട്. ഉറങ്ങുന്നതിന് കുറഞ്ഞത് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് ഭക്ഷണം ദഹിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും ശരീരത്തിന് സമയം നല്കുന്നു. രാത്രി വൈകുമ്പോള്‍ ഇൻസുലിൻ പ്രതികരണ ശേഷി കുറയുന്നതിനാല്‍ നേരത്തെ ഭക്ഷണം കഴിക്കുന്നതാണ് എപ്പോഴും ഉചിതം.