
*ജനസ്പർശം: സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനുള്ള അദാലത്ത് ഈമാസം 15 മുതൽ ഡിസംബർ 31 വരെ*__സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്നതിനായി ‘ജനസ്പർശം’ എന്ന പേരിൽ സമഗ്ര ഫയൽ അദാലത്ത് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി. ഒക്ടോബർ 15 മുതൽ ഡിസംബർ 31 വരെ ഇതിനായുള്ള അദാലത്ത് നടത്തും ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനൊപ്പം കാലതാമസത്തിന്റെ കാരണങ്ങൾ കണ്ടെത്തി ശാശ്വത പരിഹാരം ഉറപ്പാക്കുകയുമാണ് ലക്ഷ്യം. നിലവിൽ ലക്ഷക്കണക്കിന് ഇ-ഫയലുകളും നിരവധി ഫിസിക്കൽ ഫയലുകളും വിവിധ വകുപ്പുകളിൽ തീർപ്പാകാതെ കിടക്കുന്നുണ്ട്. ഇവയുടെ കൃത്യമായ കണക്കുകൾ ശേഖരിച്ച് സമയബന്ധിതമായി തീർപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കും.__സർക്കാറിന്റെ 100 ദിന കർമപദ്ധതികളിൽ 96.5 ശതമാനവും പൂർത്തിയാക്കാൻ കഴിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.നടപ്പാക്കാനുദ്ദേശിച്ച 588 പദ്ധതികളിൽ 568 എണ്ണവും പൂർത്തിയായി. ശേഷിക്കുന്ന 20 പദ്ധതികളും 90 ശതമാനത്തിലധികം പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിനായി തയാറാക്കിയ ഡിജിറ്റൽ സംവിധാനത്തിലൂടെ പൊതുജനങ്ങൾക്കും മാധ്യമങ്ങൾക്കും വിവരങ്ങൾ പരിശോധിക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്._ _ഫയലുകൾ കെട്ടിക്കിടക്കുന്നതിന്റെ കാരണങ്ങൾ പഠിച്ച് ഭരണസംവിധാനത്തിൽ ആവശ്യമായ മാറ്റങ്ങൾ കൊണ്ടുവരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ഒരേ വിഷയവുമായി ബന്ധപ്പെട്ട ഫയലുകൾ വിവിധ വകുപ്പുകളിലേക്ക് ആവർത്തിച്ച് കൈമാറുന്നത് ഒഴിവാക്കാൻ നടപടിയെടുക്കും. നയപരമായ തീരുമാനങ്ങൾ നേരത്തേ നിശ്ചയിച്ചിട്ടുള്ള വിഷയങ്ങളിൽ അണ്ടർ സെക്രട്ടറി തലത്തിൽത്തന്നെ വേഗത്തിൽ തീരുമാനമെടുക്കാനുള്ള സംവിധാനവും പരിഗണനയിലുണ്ട്. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവ് മൂലമുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും യോഗങ്ങൾ ചേർന്ന് തടസ്സങ്ങൾ പരിഹരിക്കും.