ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പോയിട്ടും ലക്ഷ്യസ്ഥാനത്ത് എത്താതെയോ വ്യാപാരിക്ക് ലഭിക്കാതെയോ യുപിഐ (UPI) ഇടപാടുകള്‍ പരാജയപ്പെടുന്നത് പലരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്.
സാധാരണയായി ഇത്തരം തുക അക്കൗണ്ടിലേക്ക് സ്വയം തിരിച്ചെത്താറുണ്ടെങ്കിലും, ഇവ റീഫണ്ട് ചെയ്യുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) കൃത്യമായ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്. ബാങ്കുകള്‍ ഈ സമയപരിധിക്കുള്ളില്‍ പണം തിരിച്ചടച്ചില്ലെങ്കില്‍, വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരം ലഭിക്കാൻ ഉപഭോക്താവിന് അവകാശമുണ്ട്. ഇടപാടിന്റെ സ്വഭാവമനുസരിച്ച് റീഫണ്ട് ലഭിക്കേണ്ട സമയപരിധി വ്യത്യാസപ്പെടും.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക
വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകള്‍ (P2P): പണം അയക്കുന്നയാളുടെ അക്കൗണ്ടില്‍ നിന്ന് പണം പിടിക്കുകയും എന്നാല്‍ ലഭിക്കേണ്ടയാളുടെ അക്കൗണ്ടില്‍ എത്തുകയും ചെയ്തില്ലെങ്കില്‍ T+1 ദിവസത്തിനകം (ഇടപാട് നടന്ന ദിവസം + 1 ദിവസം) തുക തിരികെ അക്കൗണ്ടില്‍ എത്തണം.
വ്യാപാരികള്‍ക്കുള്ള പണമടയ്ക്കല്‍ (P2M): വ്യാപാരിക്ക് പണം നല്കുമ്പോള് അക്കൗണ്ടില്‍ നിന്ന് തുക കുറയുകയും എന്നാല്‍ വ്യാപാരിക്ക് അതിൻ്റെ സ്ഥിരീകരണം ലഭിക്കാതിരിക്കുകയും ചെയ്താല്‍ T+5 ദിവസമാണ് റീഫണ്ട് സമയപരിധി. ഉപഭോക്താവിന്റെ ഭാഗത്തുനിന്നല്ലാത്ത വീഴ്ചകള്‍ മൂലമാണ് നിർദ്ദിഷ്ട സമയപരിധിക്കുള്ളില്‍ പണം തിരിച്ചുകിട്ടാത്തതെങ്കില് മാത്രമാണ് ഈ നഷ്ടപരിഹാരം ലഭിക്കുക.
പരാജയപ്പെട്ട യുപിഐ ഇടപാടുകളില്‍ പണം തിരികെ ലഭിക്കാൻ ചെയ്യേണ്ട കാര്യങ്ങള്‍:
ഇടപാടിന്റെ നില പരിശോധിക്കുക: ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം, ഭീം തുടങ്ങിയ ആപ്പുകളിലെ ‘Transaction History’ പരിശോധിക്കുക. പണം വിജയകരമാണോ, പെൻഡിംഗ് ആണോ അതോ പരാജയപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തുക. ആശയക്കുഴപ്പമുള്ള സാഹചര്യങ്ങളില്‍ ഉടൻ തന്നെ വീണ്ടും പണമടയ്ക്കരുത്.
വിവരങ്ങള്‍ സൂക്ഷിക്കുക: ഇടപാടിന്റെ റെഫറൻസ് നമ്പർ (UPI Transaction ID), തീയതി, സമയം, തുക എന്നിവ സൂക്ഷിക്കുക. ആപ്പിലെ സ്റ്റാറ്റസിന്റെയും ബാങ്ക് മെസ്സേജിന്റെയും സ്ക്രീൻഷോട്ടുകള്‍ എടുക്കുന്നത് പരാതി നല്കാൻ സഹായിക്കും.
ആപ്പ് വഴി പരാതി നല്‍കുക: ആപ്പിലെ പരാജയപ്പെട്ട ഇടപാടില്‍ ക്ലിക്ക് ചെയ്ത് ‘Help’ അല്ലെങ്കില്‍ ‘Support’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ‘Money debited but not credited’ എന്ന കാരണം നല്കി പരാതി രജിസ്റ്റർ ചെയ്യുകയും റഫറൻസ് നമ്പർ സൂക്ഷിക്കുകയും ചെയ്യുക.
ബാങ്കുമായി ബന്ധപ്പെടുക: പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ പണം പിടിച്ച ബാങ്കുമായി ബന്ധപ്പെട്ട് ഇടപാട് വിവരങ്ങളും പരാതി നമ്പറും നല്‍കുക. ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ച് തുക തിരികെ ലഭിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക.
വൈകുന്ന റീഫണ്ടുകള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുക: നിർദ്ദിഷ്ട ആർബിഐ സമയപരിധി ബാങ്ക് തെറ്റിച്ചാല്‍, വൈകുന്ന ഓരോ ദിവസത്തിനും 100 രൂപ വീതം നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. ആർബിഐ ചട്ടപ്രകാരം ഇത് സ്വയമേവ അക്കൗണ്ടില്‍ എത്തേതാണ്. ലഭിച്ചില്ലെങ്കില്‍ ബാങ്കിന്റെ ഗ്രീവൻസ് റെഡ്രസല്‍ ടീമിനെ ബന്ധപ്പെടാം.
ആർബിഐക്ക് പരാതി നല്‍കാം: ബാങ്കിന്റെ ഭാഗത്തുനിന്ന് തൃപ്തികരമായ പരിഹാരം ഉണ്ടായില്ലെങ്കില്‍, ഇടപാട് രേഖകളും പഴയ പരാതികളുടെ പകർപ്പുകളും സഹിതം https://cms.rbi.org.in എന്ന വെബ്സൈറ്റ് വഴി ആർബിഐയുടെ കംപ്ലയിന്റ് മാനേജ്മെന്റ് സിസ്റ്റത്തില്‍ പരാതിപ്പെടാവുന്നതാണ്.
