
*മഴ വര്‍ധിപ്പിക്കാന്‍ ക്ലൗഡ് സീഡിംഗ് സ്റ്റേഷനുകള്‍ നവീകരിക്കുന്നു*📍മസ്കത്ത് | രാജ്യത്ത് കൃത്രിമ മഴ വര്‍ധിപ്പിക്കുന്നതിനുള്ള സംവിധാനത്തിന്റെ കാര്യക്ഷമതയും പ്രവര്‍ത്തനസജ്ജതയും മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മഴ വര്‍ധനാ (ക്ലൗഡ് സീഡിംഗ്) സ്റ്റേഷനുകളുടെ നവീകരണത്തിനും പരിപാലനത്തിനും ഒമാന്‍ കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ടെന്‍ഡര്‍ ക്ഷണിച്ചു. 2026, 2027, 2028 വര്‍ഷങ്ങളിലേക്കുള്ള പദ്ധതിക്കാണ് ടെന്‍ഡര്‍. നവംബര്‍ ഒമ്പത് ആണ് ബിഡ് സമര്‍പ്പിക്കാനുള്ള അവസാന തീയതി.ജലസുരക്ഷ ശക്തിപ്പെടുത്തുന്നതിനും മഴയില്‍നിന്നുള്ള ജലലഭ്യത പരമാവധി പ്രയോജനപ്പെടുത്തുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് പദ്ധതി. അണക്കെട്ടുകള്‍, മഴവെള്ള സംഭരണം, ഭൂഗര്‍ഭജല പുനര്നിറവ് തുടങ്ങിയ പരമ്പരാഗത ജലസംരക്ഷണ പദ്ധതികള്‍ക്കൊപ്പം മഴ വര്‍ധനാ സാങ്കേതികവിദ്യയും ഒമാന്‍ പ്രയോജനപ്പെടുത്തിവരുന്നുണ്ട്.നിലവില്‍ രാജ്യത്ത് 14 ക്ലൗഡ് സീഡിംഗ് സ്റ്റേഷനുകളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 11 എണ്ണം അല്‍ ഹജര്‍ പര്‍വതനിരയിലും രണ്ടെണ്ണം ദോഫാറിലും ഒരെണ്ണം മുസന്ദമിലുമാണ് സ്ഥിതി ചെയ്യുന്നത്. അനുയോജ്യമായ മേഘങ്ങളില്‍ ഘനീകരണം വര്‍ധിപ്പിച്ച് മഴയ്ക്ക് സാധ്യത കൂട്ടുന്നതിനായി അയോണൈസേഷന് സാങ്കേതികവിദ്യയാണ് സ്റ്റേഷനുകളില്‍ ഉപയോഗിക്കുന്നത്.കാലാവസ്ഥയും ഭൂപ്രകൃതിയും പരിഗണിച്ചാണ് സ്റ്റേഷനുകളുടെ സ്ഥാനം നിര്‍ണയിച്ചിരിക്കുന്നത്. ലക്ഷ്യം മഴയുടെ അളവ് വര്‍ധിപ്പിക്കുക മാത്രമല്ല, ലഭിക്കുന്ന മഴവെള്ളം ഭൂഗര്‍ഭജല സ്രോതസ്സുകളിലേക്ക് എത്തുന്നതിനും രാജ്യത്തെ ജലശേഖരം ശക്തിപ്പെടുത്തുന്നതിനും സഹായിക്കുകയുമാണ്.പരിമിതമായ മഴയും കാലാവസ്ഥാ വ്യതിയാനവും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജലവിഭവങ്ങളുടെ സുസ്ഥിര മാനേജ്മെന്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റേഷനുകളുടെ നവീകരണവും കൃത്യമായ പരിപാലനവും പൂര്‍ത്തിയാകുന്നതോടെ അനുകൂലമായ കാലാവസ്ഥാ സാഹചര്യങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തി മഴ വര്‍ധനാ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ.