ദില്ലി: രാജ്യത്തെ പ്രീപെയ്ഡ് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകുന്ന വാർത്തയുമായി രാജ്യസഭാ എം.പി രാഘവ് ചദ്ദ.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടു വന്ന പുതിയ നിയമമനുസരിച്ച് ഇനിമുതല്‍ ടെലികോം കമ്പനികള്‍ 30 ദിവസത്തെ വാലിഡിറ്റിയുള്ള റീചാർജ് പ്ലാനുകള്‍ നിർബന്ധമായും നല്‍കണമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഭൂരിഭാഗം കമ്പനികളും ‘പ്രതിമാസ പ്ലാൻ’ എന്ന പേരില്‍ 28 ദിവസത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. ഒരു വർഷത്തില്‍ 12 മാസത്തിന് പകരം 13 തവണ ഉപഭോക്താക്കള്‍ക്ക് റീചാർജ് ചെയ്യേണ്ടി വരുന്നുണ്ടായിരുന്നു.
ഉപഭോക്താക്കള്‍ നേരിടുന്ന അധിക സാമ്പത്തിക ഭാരം പാർലമെന്റില്‍ താൻ ഉയർത്തിക്കാട്ടിയത് രാഘവ് ചദ്ദ ഓർമിപ്പിച്ചു. പുതിയ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ 12 റീചാർജുകള്‍ ചെയ്താല്‍ മതിയാകും. എല്ലാ മാസവും ഒരേ തീയതിയില്‍ പുതുക്കാവുന്ന പ്ലാനുകള്‍ ഉള്‍പ്പെടെ 30 ദിവസത്തെ കാലാവധിയുള്ള പ്ലാനുകള്‍ കമ്പനികള്‍ ലഭ്യമാക്കണം. ഇൻ്റർനെറ്റ് ഡാറ്റ ആവശ്യമില്ലാത്ത സാധാരണക്കാർക്കായി വോയ്സ് കോളുകളും എസ്.എം.എസും മാത്രം ലഭിക്കുന്ന ബജറ്റ് ഫ്രണ്ട്ലി പ്ലാനുകളും അവതരിപ്പിക്കാൻ കമ്പനികള്‍ ബാധ്യസ്ഥരാണ്. ഉപഭോക്താക്കളുടെ നിരന്തരമായ ആവശ്യങ്ങള്‍ പരിഗണിച്ച് ഈ വിഷയം പരിഹരിച്ച കേന്ദ്ര സർക്കാരിനും ട്രായിക്കും രാഘവ് ചദ്ദ നന്ദി അറിയിച്ചു. ഈ മാറ്റം രാജ്യത്തെ ദശലക്ഷക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് വലിയ സാമ്പത്തിക ആശ്വാസം നല്‍കുമെന്നും രാഘവ് ഛദ്ദ പ്രതികരിച്ചു.