തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുകിഴക്കൻ മദ്ധ്യപ്രദേശിനും സമീപ വടക്കൻ ഛത്തീസ്ഗഢിനും മുകളിലായി തീവ്ര ന്യൂനമർദം തുടരുന്നു.
ഇന്ന് വൈകുന്നേരം വരെ, വടക്കുകിഴക്കൻ മദ്ധ്യപ്രദേശിലൂടെ തെക്കുകിഴക്കൻ ഉത്തർപ്രദേശിലേക്ക് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി തീവ്ര ന്യൂമർദമായി തുടരാൻ സാദ്ധ്യത. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നതിനിടെ, അടുത്ത 12 മണിക്കൂറില്‍ ഇത് ക്രമേണ ദുർബലമായി ശക്തി കൂടിയ ന്യൂനമർദ മേഖലയായി മാറാനും സാദ്ധ്യതയുണ്ട്.
തെക്കൻ തായ്ലൻഡിനും സമീപ മ്യാൻമറിനും മുകളില്‍ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നു. ഈ ചക്രവാതച്ചുഴി സെപ്റ്റംബർ 28ന് വടക്കൻ ആൻഡമാൻ കടലിന് മുകളിലേക്ക് എത്താൻ സാദ്ധ്യത. തുടർന്നുള്ള രണ്ട് ദിവസങ്ങളില്‍, മ്യാൻമർ-ബംഗ്ലാദേശ് തീരങ്ങള്‍ക്ക് സമാന്തരമായും വടക്ക്-പടിഞ്ഞാറ് ദിശയില്‍ നീങ്ങി വടക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലേക്ക് എത്താൻ സാദ്ധ്യതയുണ്ട്.
ഇതിനെത്തുടർന്ന് കേരളത്തില്‍ 2026 സെപ്തംബർ 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സെപ്തംബർ 28 മുതല്‍ 30 വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലിനും മണിക്കൂറില്‍ 30-40 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ജാഗ്രതാ നിർദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
