കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 10 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേര്‍ അറസ്റ്റില്‍. ഒഡീഷ സ്വദേശിയും കഞ്ചാവ് മൊത്തവില്‍പ്പനക്കാരനുമായ സിദ്ധാന്ത് സാബര്‍ (28), പള്ളിക്കല്‍ ഉണ്യാല്‍പറമ്പ് അമ്പാടംകുഴി സലീം (53), പള്ളിക്കല്‍ ബസാര്‍ കരുവീട്ടില്‍ മുസ്തഫ (47) എന്നിവരാണ് പിടിയിലായത്.ഒഡീഷയില്‍ നിന്ന് കഞ്ചാവെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവരെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡീഷയില്‍ നിന്ന് രഹസ്യമായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവ് സിദ്ധാന്ത് സാബര്‍ സലീമിനും മുസ്തഫയ്ക്കും കൈമാറുന്നതിനിടെ കരിപ്പൂര്‍ ന്യൂമാന്‍ ജംഗ്ഷനില്‍ വെച്ചാണ് പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.പിടിയിലായ സലീമിനെതിരെ നേരത്തെയും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കേസുകളുണ്ട്. 2024 മേയില്‍ ആന്ധ്രാപ്രദേശിലെ പാലാസ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 100 കിലോഗ്രാം കഞ്ചാവുമായി ഇയാള്‍ പിടിയിലായിരുന്നു. 2004 നവംബറില്‍ 40 കിലോഗ്രാം കഞ്ചാവ് കടത്തിയതിന് തമിഴ്‌നാട്ടിലെ ഗുമ്മിഡിപ്പൂണ്ടി പൊലിസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്

Leave a Reply

Your email address will not be published. Required fields are marked *