ആധാർ കാർഡിലെ പേര് തിരുത്താൻ പോകുന്നവരാണോ? ഇനി എല്ലാ പേരുമാറ്റങ്ങള്ക്കും ഒരേ രേഖ മതിയാകില്ല. പേരിലെ തിരുത്തലിന്റെ സ്വഭാവം അനുസരിച്ച് അപേക്ഷകളെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ഇനി പരിഗണിക്കുക.യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) പുറത്തിറക്കിയ പുതിയ സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ പ്രകാരമാണ് നടപടിക്രമങ്ങളില്‍ മാറ്റം വന്നത്.
2026 സെപ്റ്റംബർ 18ന് പുറത്തിറക്കിയ നടപടിക്രമത്തില്‍ ചെറിയ പേരുതിരുത്തല്‍, ആധാറില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുമ്പോഴുണ്ടായ പിഴവ്, വിവാഹം അല്ലെങ്കില്‍ വിവാഹമോചനം മൂലമുള്ള പേരുമാറ്റം, പൂർണമായ പേര് മാറ്റം തുടങ്ങിയവയ്ക്ക് പ്രത്യേകം വ്യവസ്ഥകളാണ് നിശ്ചയിച്ചിരിക്കുന്നത്. സമർപ്പിക്കുന്ന തിരിച്ചറിയല്‍ രേഖകള്‍, ബന്ധം തെളിയിക്കുന്ന രേഖകള്‍, സത്യവാങ്മൂലങ്ങള്‍, ഗസറ്റ് വിജ്ഞാപനം എന്നിവ പരിശോധിച്ച ശേഷമായിരിക്കും അപേക്ഷയില്‍ തുടർനടപടി സ്വീകരിക്കുക.
ചെറിയ പേരുതിരുത്തലുകള്ക്ക് തിരിച്ചറിയല്‍ രേഖ മതി
വ്യക്തിയുടെ തിരിച്ചറിയലില്‍ മാറ്റമുണ്ടാകാത്ത ചെറിയ തിരുത്തലുകളാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. പേരിന്റെ ആദ്യാക്ഷരങ്ങള്‍ പൂർണരൂപത്തിലാക്കുക, മധ്യനാമമോ കുടുംബപ്പേരോ ചേർക്കുകയോ ഒഴിവാക്കുകയോ ചെയ്യുക, പേരുകളുടെ ക്രമം മാറ്റുക, ഉച്ചാരണത്തില്‍ മാറ്റമില്ലാത്ത ചെറിയ അക്ഷരപ്പിശകുകള്‍ തിരുത്തുക തുടങ്ങിയവ ഇതില്‍ വരും.
ഇത്തരം തിരുത്തലുകള്‍ക്ക് ബാധകമായ തിരിച്ചറിയല്‍ രേഖ സമർപ്പിച്ചാല്‍ മതിയാകും. 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കാര്യത്തില്‍ കുടുംബനാഥനെ അടിസ്ഥാനമാക്കിയുള്ള പേരുമാറ്റമാണെങ്കില് ബന്ധം തെളിയിക്കുന്ന രേഖയും ഉപയോഗിക്കാം.
ആധാറില്‍ പേര് രേഖപ്പെടുത്തിയപ്പോള്‍ പിഴവ് സംഭവിച്ചാല്‍
ആധാറില്‍ പേര് രേഖപ്പെടുത്തുന്ന സമയത്ത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നോ വിവരശേഖരണത്തിനിടയിലോ ഉണ്ടായ പിഴവാണ് തെറ്റായ പേരിന് കാരണമെങ്കില്‍ പ്രത്യേക നടപടിക്രമമാണ് പാലിക്കേണ്ടത്.
മുതിർന്നവർ അനുബന്ധം ബി സത്യവാങ്മൂലത്തിനൊപ്പം ബാധകമായ തിരിച്ചറിയല്‍ രേഖയോ ബന്ധം തെളിയിക്കുന്ന രേഖയോ സമർപ്പിക്കണം. പ്രായപൂർത്തിയാകാത്തവരുടെ കാര്യത്തില്‍ മാതാപിതാക്കളോ നിയമപരമായ രക്ഷിതാവോ അനുബന്ധം സി സത്യവാങ്മൂലം നല്‍കണം.
എന്നാല്‍ അപേക്ഷയില്‍ ആവശ്യപ്പെടുന്ന പേര് നേരത്തെ ആധാറിനായി സമർപ്പിച്ച രേഖയിലെ ശരിയായ പേരുമായി പൊരുത്തപ്പെടണം. രേഖകളില്‍ പൊരുത്തക്കേട് കണ്ടെത്തിയാല്‍ അപേക്ഷ നിരസിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
വിവാഹം, വിവാഹമോചനം എന്നിവയ്ക്ക് പ്രത്യേക വ്യവസ്ഥ
വിവാഹത്തിനോ വിവാഹമോചനത്തിനോ ശേഷം കുടുംബപ്പേര് മാറ്റാൻ ആഗ്രഹിക്കുന്നവർക്കും പ്രത്യേക വ്യവസ്ഥകളുണ്ട്. അനുബന്ധം ഡി സത്യവാങ്മൂലത്തിനൊപ്പം തിരിച്ചറിയല്‍ രേഖ സമർപ്പിക്കണം.
വിവാഹമോ വിവാഹമോചനമോ കാരണമാണ് കുടുംബപ്പേര് മാറ്റുന്നതെന്നും വ്യക്തിയുടെ തിരിച്ചറിയലില്‍ മാറ്റമില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കണം. രജിസ്റ്റർ ചെയ്ത വിവാഹ സർട്ടിഫിക്കറ്റും അനുബന്ധ രേഖയായി സമർപ്പിക്കാം.
ലിംഗമാറ്റത്തെ തുടർന്നുള്ള പേരുമാറ്റത്തിനും പുതിയ നടപടിക്രമത്തില്‍ പ്രത്യേക വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബാധകമായ തിരിച്ചറിയല്‍ രേഖ ആവശ്യമാണ്.
ചില ചെറിയ തിരുത്തലുകള്‍ക്ക് രേഖ പോലും വേണ്ട
എല്ലാ പേരുതിരുത്തലുകള്ക്കും രേഖകള്‍ സമർപ്പിക്കേണ്ടതില്ലെന്നും പുതിയ നടപടിക്രമം വ്യക്തമാക്കുന്നു. പേരിലെ വലിയക്ഷരങ്ങളുടെ ക്രമത്തിലുള്ള പിഴവ് തിരുത്തുന്നതും പേരിലെ കുത്തുകള്‍ ഒഴിവാക്കുന്നതും ഇതില്‍ ഉള്‍പ്പെടും.
പേരുകളില്‍ ഒന്നിനെ മാത്രം നിലനിർത്താൻ ആഗ്രഹിക്കുന്ന മുതിർന്നവർ അനുബന്ധം ഇ സത്യവാങ്മൂലത്തിനൊപ്പം തിരിച്ചറിയല്‍ രേഖ സമർപ്പിക്കണം. കുട്ടികളുടെ കാര്യത്തില്‍ അനുബന്ധം എഫ് സത്യവാങ്മൂലവും തിരിച്ചറിയല്‍ രേഖയോ ബന്ധം തെളിയിക്കുന്ന രേഖയോ ആവശ്യമാണ്.
അപരനാമങ്ങള്‍, പേരിന് മുമ്പുള്ള വിശേഷണങ്ങള്‍, സൈനിക പദവികള്‍, ഔദ്യോഗിക പദവികള്‍, കുത്തുകള്‍, മറ്റ് പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ ഒഴിവാക്കിയാകും പേര് രേഖപ്പെടുത്തേണ്ടത്.
പൂർണമായ പേര് മാറ്റണമെങ്കില്‍ ഗസറ്റ് വിജ്ഞാപനം വേണം
വ്യക്തിയുടെ തിരിച്ചറിയലില്‍ തന്നെ മാറ്റമുണ്ടാകുന്ന തരത്തിലുള്ള പൂർണമായ പേരുമാറ്റം പ്രധാന പേരുമാറ്റമായി കണക്കാക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഗസറ്റ് വിജ്ഞാപനം നിർബന്ധമാണ്. ഗസറ്റ് വിജ്ഞാപനത്തിനൊപ്പം ബാധകമായ തിരിച്ചറിയല്‍ രേഖയും സമർപ്പിക്കണം.അപേക്ഷയില്‍ ആവശ്യപ്പെടുന്ന പുതിയ പേര് നേരത്തെ ആധാറില്‍ രേഖപ്പെടുത്തിയ പേരുമായും പിന്നീട് തിരുത്തിയിട്ടുള്ള പേരുകളുമായും താരതമ്യം ചെയ്യും. സമർപ്പിച്ച രേഖകളുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും അപേക്ഷയില്‍ നടപടിയെടുക്കുക.
സെപ്റ്റംബർ 18ന് പുറത്തിറക്കിയ സർക്കുലറില്‍ ഒപ്പുവച്ച തീയതി മുതല്‍ തന്നെ പുതുക്കിയ നടപടിക്രമം പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അതിനാല്‍ ആധാറിലെ പേര് തിരുത്താൻ ഉദ്ദേശിക്കുന്നവർ അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് തങ്ങളുടെ പേരുമാറ്റം ഏത് വിഭാഗത്തില്‍പ്പെടുന്നു, അതിന് എന്തെല്ലാം രേഖകള്‍ ആവശ്യമാണ് എന്നിവ കൃത്യമായി പരിശോധിക്കുന്നത് പ്രധാനമാണ്. ചെറിയൊരു അക്ഷരപ്പിശകാണോ, വിവാഹശേഷമുള്ള പേരുമാറ്റമാണോ, അതോ പൂർണമായ പേര് മാറ്റമാണോ എന്നതനുസരിച്ച് ആവശ്യമായ രേഖകളിലും നടപടിക്രമങ്ങളിലും വ്യത്യാസമുണ്ടാകും.