നമ്മുടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലെയും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് മീൻ. പ്രത്യേകിച്ച് കേരളം, തമിഴ്നാട്, ഗോവ, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ തുടങ്ങിയ തീരദേശ സംസ്ഥാനങ്ങളില്‍.ഒരു ദിവസം പോലും മീൻ ഇല്ലാതെ ആഹാരം കഴിക്കാൻ സാധിക്കാത്തവരും ഏറെയാണ്. പല തരത്തിലുള്ള മീനുകള്‍ ഉണ്ടെങ്കിലും ഇവയില്‍ പോഷകസമൃദ്ധമായ ഒന്നാണ് ചൂര (tuna).
കേരളത്തില്‍ തന്നെ പ്രാദേശികമായി ചൂരയ്ക്ക് നിരവധി പേരുകളുണ്ട്. സൂത, കേര, വെള്ളച്ചൂര, നെയ്മീൻ ചൂര, കേരച്ചൂര, കണ്ണൻചൂര, മണ്ണച്ചൂര, വലിയ കണ്ണൻ, മഞ്ഞത്തുമ്പൻ തുടങ്ങിയ പേരുകളില്‍ ചൂര അറിയപ്പെടുന്നു. രുചിയേറിയ മത്സ്യമായതിനാല് ഇവയ്ക്ക് ആവശ്യക്കാരും ഏറെയാണ്. എന്നാല്‍, കൊതിയൂറുന്ന ചൂരയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. അടുത്തിടെ തെക്കൻ ബ്രസീലിലെ ഫെഡറല്‍ യൂണിവേഴ്സിറ്റി ഓഫ് സാന്താ കാറ്ററിനയിലെ ഗവേഷകർ നടത്തിയ പഠനം മത്സ്യപ്രിയരെ ഞെട്ടിക്കുന്നതാണ്.
ഇവർ പരിശോധിച്ച ചൂരമീനില്‍ 96 ശതമാനത്തിലും പരാന്നഭോജികളായ വിരകളുടെ സാന്നിദ്ധ്യം കണ്ടെത്തി. കണ്ണില്‍ പോലും കാണാൻ കഴിയാത്ത 1,600 സൂക്ഷ്മവിരകളെയാണ് മൈക്രോസ്കോപ്പ് ഉപയോഗിച്ച് ഗവേഷകർ വേർതിരിച്ചെടുത്തത്. മീനുകളുടെ വൃക്കയും ഹൃദയവും ഒഴികെ മറ്റെല്ലാ അവയവങ്ങളിലും വിരകള്‍ നിറഞ്ഞിരുന്നു. മീനുകളുടെ കുടലുകളിലാണ് ഇവ കൂടുതലായും കണ്ടെത്തിയത്. നമ്മള് കഴിക്കുന്ന മാംസപേശികളിലെല്ലാം വിരകള്‍ നിറഞ്ഞിരിക്കുകയായിരുന്നു. ട്രിപനോറിൻക, അനിസാക്കിസ് എന്നീ വംശത്തില്‍പ്പെട്ട വിരകളാണ് ഇതില്‍ ഏറെയും.
ചൂരമീൻ മനുഷ്യർക്ക് ആപത്തോ?
സ്കിപ്പ്ജാക്ക് ട്യൂണ എന്ന വിഭാഗത്തിലാണ് വിരകളെ കണ്ടെത്തിയത്. ലോകത്ത് ഏറ്റവുമധികം പിടിക്കപ്പെടുന്ന മൂന്നാമത്തെ കടല്‍ മത്സ്യമാണിത്. 2022ല്‍ മാത്രം 31 ലക്ഷം ടണ്‍ സ്കിപ്പ്ജാക്ക് ട്യൂണയാണ് വിറ്റഴിക്കപ്പെട്ടത്. വിരകള്‍ നിറഞ്ഞ മത്സ്യമാണ് ഇത്രയും നാള് കഴിച്ചതെന്ന് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് അറപ്പ് തോന്നിയേക്കാം. എന്നാല്‍, ഇവ പാകം ചെയ്ത് കഴിക്കുന്നത് സുരക്ഷിതമാണ്. മീനുകള്‍ നന്നായി വേവിക്കുമ്പോള്‍ അവയിലെ വിരകള്‍ നശിച്ചുപോകും. ചത്ത വിരകള്‍ മനുഷ്യശരീരത്തില്‍ എത്തിയാലും ദോഷം വരില്ല.
നമ്മള് കഴിക്കുന്ന മിക്ക ഭക്ഷണങ്ങളിലും ഏതെങ്കിലും തരത്തിലുള്ള സൂക്ഷ്മജീവികളോ വിരകളോ ഉണ്ടാകാം എന്നത് ഒരു പ്രകൃതിസത്യമാണ്. എന്നാല്‍ ശരിയായ ശുചിത്വപാലനത്തിലൂടെയും പാചകരീതികളിലൂടെയും ഇവയുടെ ഭീഷണി പൂർണമായും ഒഴിവാക്കാൻ സാധിക്കും. ഇവ പച്ചയ്ക്കോ പകുതി വേവിച്ചോ കഴിക്കുന്നത് അപകടമാണ്. സുഷി പോലുള്ള വിഭവങ്ങളിലൂടെ ഇവ ജീവനോടെ മനുഷ്യശരീരത്തിനുള്ളില്‍ എത്തും. ഇങ്ങനെ സംഭവിച്ചാല്‍ ഇവ കുടലില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കും. വയറുവേദന, ഛർദി, അതിസാരം തുടങ്ങി ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകും. അതിനാല്‍, മീൻ പിടിച്ചയുടൻ അവയുടെ കുടലുകളും ആന്തരാവയവങ്ങളും നീക്കം ചെയ്യണമെന്നാണ് ശാസ്ത്രജ്ഞർ നല്കുന്ന മുന്നറിയിപ്പ്.
പരിസ്ഥിതി തകർച്ചയുടെ ലക്ഷണമോ?
ഇത്തരത്തില്‍ മത്സ്യത്തില്‍ നിറയെ വിരകളെ കാണുന്നത് പാരിസ്ഥിക ദോഷത്തിന്റെയോ മറ്റോ ഫലമായിട്ടാവാം എന്നാണ് പലരും കണക്കാക്കുന്നത്. എന്നാല്‍, ഇത് സമുദ്ര ആവാസവ്യവസ്ഥ ആരോഗ്യത്തോടെയിരിക്കുന്നു എന്നതിന്റെ തെളിവാണെന്നാണ് വാഷിംഗ്ടണ്‍ യൂണിവേഴ്സിറ്റിയിലെ പ്രശസ്ത പാരസൈറ്റോളജിസ്റ്റായ പ്രൊഫസർ ചെല്‍സി വുഡ് പറയുന്നത്. കാരണം, അനിസാക്കിസ് വിരകളുടെ ജീവിതചക്രം പൂർത്തിയാകണമെങ്കില്‍ കടലിലെ ഭക്ഷണ ശൃംഖലയിലെ പല ജീവികളും ഒത്തുചേരണം.
സമുദ്രത്തിനുള്ളിലെ ജീവന്റെ വലിയൊരു ചക്രത്തിന്റെ ഭാഗമാണ് ഈ വിരകള്‍. നിലവില്‍ ഈ വിരകള്‍ സമുദ്രത്തിലുണ്ടാക്കുന്ന മാറ്റങ്ങളെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ പുറത്തുവന്നിട്ടില്ല. എന്നിരുന്നാലും ടിന്നിലും അല്ലാതെയും ലഭിക്കുന്ന ചൂര മീനുകളില്‍ ഇവയുടെ സാന്നിദ്ധ്യമുണ്ടാകും. അതിനാല്‍, സൂക്ഷ്മതയോടെ ഏറെനേരം ചൂടാക്കി മാത്രം കഴിക്കാൻ ശ്രമിക്കുക.
