ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 51 പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ യുവതി അറസ്റ്റിൽ മസ്‌കത്ത്: ഒമാനിൽ ജോലി വാഗ്ദാനം ചെയ്ത് 51 പേരിൽ നിന്ന് പണം തട്ടിയെന്ന പരാതിയിൽ കോഴിക്കോട് വടകര സ്വദേശിനിയായ 59-കാരിയെ കേരള പൊലീസ് അറസ്റ്റ് ചെയ്തു.മാനന്തവാടി അരാട്ടുതറ സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഒമാനിൽ പ്രവർത്തനം ആരംഭിക്കാനിരുന്ന ഒരു സ്ഥാപനത്തിൽ ജോലി നൽകാമെന്നും പ്രതിമാസം ₹75,000 വരെ ശമ്പളം ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് പണം കൈപ്പറ്റിയതെന്നാണ് പരാതി.2025 ജനുവരിയിൽ പരാതിക്കാരനിൽ നിന്ന് ₹65,000 വാങ്ങിയതായി പൊലീസ് അറിയിച്ചു. ഇതിന് പുറമെ, വിസ നടപടികൾക്കും മറ്റ് പ്രോസസിങ് ചെലവുകൾക്കുമായി നിരവധി പേരിൽ നിന്ന് ₹75,000 വീതം വാങ്ങിയതായും അന്വേഷണത്തിൽ കണ്ടെത്തി.വാഗ്ദാനം ചെയ്ത സമയപരിധിക്കുള്ളിൽ വിസ ലഭിക്കാതിരുന്നതിനെ തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. അന്വേഷണത്തിൽ പ്രതി നൽകിയ വിലാസം വ്യാജമാണെന്നും കണ്ടെത്തി.പരാതികൾ ഉയർന്നതിന് പിന്നാലെ പ്രതി ഗൾഫ് രാജ്യത്തേക്ക് കടന്നതായും അന്വേഷണ സംഘം കണ്ടെത്തി. തുടർന്ന് പൊലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കുകയായിരുന്നു.മസ്‌കത്തിൽ നിന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പ്രതിയെ വെള്ളിയാഴ്ച പുലർച്ചെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണത്തിൽ ഇതുവരെ 51 പേർ തട്ടിപ്പിനിരയായതായി തിരിച്ചറിഞ്ഞിട്ടുണ്ട്.സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *