സ്കൂൾ ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കവിയരുത്; മുന്നറിയിപ്പുമായി ഒമാൻ മന്ത്രാലയംമസ്കത്ത്: പുതിയ അധ്യയന വർഷം ആരംഭിക്കാനിരിക്കെ കുട്ടികൾക്കായി സ്കൂൾ ബാഗുകൾ വാങ്ങുമ്പോൾ മാതാപിതാക്കൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ഒമാൻ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയം നിർദേശിച്ചു. ബാഗിന്റെ ഭാരം കുട്ടിയുടെ ശരീരഭാരത്തിന്റെ 10 ശതമാനത്തിൽ കവിയരുതെന്നാണ് പ്രധാന നിർദേശം.അമിതഭാരമുള്ള സ്കൂൾ ബാഗുകൾ ദീർഘകാലം ഉപയോഗിക്കുന്നത് കുട്ടികളുടെ നട്ടെല്ലിനും പേശികൾക്കും അമിത സമ്മർദമുണ്ടാക്കാൻ സാധ്യതയുണ്ടെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.വീതിയുള്ളതും പാഡിംഗ് ഉള്ളതും ക്രമീകരിക്കാവുന്നതുമായ ഷോൾഡർ സ്ട്രാപ്പുകളുള്ള ബാഗുകൾ തിരഞ്ഞെടുക്കണം. പുറകിലെ സമ്മർദം കുറയ്ക്കുന്നതിനായി ബാഗിന്റെ പിൻഭാഗത്തും ആവശ്യമായ പാഡിംഗ് ഉണ്ടായിരിക്കണം.സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ വസ്തുക്കളിൽ നിർമിച്ച ബാഗുകൾക്ക് മുൻഗണന നൽകണമെന്നും മന്ത്രാലയം നിർദേശിച്ചു. ഒന്നിലധികം അറകളുള്ള ബാഗുകൾ ഉപയോഗിക്കുന്നത് ഉള്ളിലെ സാധനങ്ങളുടെ ഭാരം തുല്യമായി വിതരണം ചെയ്യാൻ സഹായിക്കും.കുട്ടിയുടെ ശരീരത്തിന് അനുയോജ്യമായ വലുപ്പത്തിലുള്ള ബാഗാണ് തിരഞ്ഞെടുക്കേണ്ടത്. ബാഗ് കുട്ടിയുടെ മുകൾപ്പുറം മുതൽ താഴത്തെ വാരിയെല്ല് വരെയുള്ള ഭാഗം ഉൾക്കൊള്ളുന്നതായിരിക്കണം. ബാഗ് അരക്കെട്ടിന് താഴേക്ക് തൂങ്ങിക്കിടക്കരുതെന്നും മന്ത്രാലയം വ്യക്തമാക്കി.പുതിയ അധ്യയന വർഷത്തേക്കുള്ള സ്കൂൾ സാധനങ്ങൾ വാങ്ങുമ്പോൾ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തി ബാഗുകൾ തിരഞ്ഞെടുക്കണമെന്നും മാതാപിതാക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു.