നല്ല ഓണസദ്യയുമുണ്ട്, അവധിക്കാലം ആഘോഷിച്ച്‌ സന്തോഷത്തോടെ കഴി‍ഞ്ഞ 10 ദിവസം തള്ളിനീക്കിയവരാണ് നമ്മള്‍ മലയാളികള്‍.ഈ സമയത്തും നമ്മള്‍ മലയാളികളെ കുറച്ച്‌ ആശങ്കപ്പെടുത്തുന്ന ഒരുവാർത്ത കഴിഞ്ഞദിവസം പുറത്തുവന്നത് അറിഞ്ഞിട്ടുണ്ടാകും, പ്രത്യേകിച്ച്‌ പാരമ്പര്യ ഭക്ഷണപ്രേമികളെ. അതെ നമ്മുടെ സദ്യയുടെ ഭാഗമാണ് സാമ്പാർ, രസം, കാളൻ,അച്ചാർ, ചമ്മന്തിപ്പൊടി തുടങ്ങി ഒരുപിടി വിഭവങ്ങളിലെ പ്രധാന ഘടകമായ കായത്തില്‍ മായം കണ്ടെത്തി എന്നതാണ് ആ വാർത്ത.

മലയാളികള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന എല്‍ജി,എവറസ്റ്റ് എന്നീ ബ്രാൻഡുകളിലാണ് മായം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ഇവയ്‌ക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ ഇവയ്‌ക്ക് നിശ്ചിത ഗുണനിലവാരമില്ലെന്ന് കണ്ടാണ് ഫു‌ഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേ‌ർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) നടപടി സ്വീകരിച്ചത്.

സാമ്പിളുകള്‍ക്ക് ഗുണനിലവാരം ഇല്ലെന്ന് മാത്രമല്ല തെറ്റായ ലേബലിംഗും നടത്തിയിരുന്നു. നിയമപ്രകാരം കായത്തിന്റെ ഭാരത്തിന്റെ ഒരു ശതമാനത്തിലധികം സ്റ്റാർച്ച്‌ ഉണ്ടാകാൻ പാടില്ല. എല്‍.ജിയുടേതില്‍ 15 ശതമാനം മുതല്‍ 32 ശതമാനം വരെ സ്റ്റാർച്ച്‌ ഉണ്ടായിരുന്നു. എവറസ്റ്റിനാകട്ടെ കായത്തിന് പുറമേ എഗ്‌മസാല, ചിക്കൻ മസാല, ഗരം മസാല എന്നിവക്കും ഗുണനിലവാരം കുറവ് കണ്ടെത്തി.

എങ്ങനെയാണ് കായം നിർമ്മിക്കുന്നത്?

നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കാരറ്റ്, പെരുംജീരകം എന്നിവയടങ്ങിയ അപ്പിയേസി എന്ന സസ്യകുടുംബത്തില്‍ പെട്ട ഫെറുള എന്ന ചെടിയില്‍ നിന്നാണ് കായം ഉണ്ടാക്കുന്നത്. വരണ്ട കാലാവസ്ഥയുള്ള മദ്ധ്യേഷ്യൻ രാജ്യങ്ങള്‍, ഇറാൻ, ഇറാഖ്, അഫ്‌ഗാനിസ്ഥാൻ എന്നിവിടങ്ങളിലാണ് ഈ ചെടി സമൃദ്ധമായി വളരുക. മഞ്ഞ നിറത്തില്‍ പൂവുകളുണ്ടാകുന്ന ഈ ചെടി നാല് മീറ്റർ ഉയരത്തില്‍ വരെ വളരാം. ഈ ചെടികളുടെ വേരുകളില്‍ നിന്നും അതുപോലെ മണ്ണിനടിയില്‍ വളരുന്ന തണ്ടായ റൈസോമുകളില്‍ നിന്നും ലഭിക്കുന്ന കറയെ ഉണക്കിയാണ് ശുദ്ധമായ കായം നിർമ്മിക്കുന്നത്. ഇവ പിന്നീട് കട്ടിയാക്കിയും പൊടിച്ചും രണ്ട് രൂപത്തിലും ഭക്ഷണത്തിന് ഉപയോഗിക്കാം.

കായപ്പൊടിയില്‍ ചേർക്കുന്ന മായം എന്തെല്ലാം?

കായപ്പൊടിയില്‍ ചേർക്കാറുള്ള പ്രധാനപ്പെട്ട മായം സോപ്പുകല്ല് ആണ്. കല്‍ച്ചട്ടി നിർമ്മാണത്തിനുള്ള പ്രധാന വസ്‌തുവാണ് ഇത്. കായത്തിലെ മായം വീട്ടില്‍നിന്നുതന്നെ അറിയാൻ ചില ലഘുവഴികളുണ്ട്. മറ്റൊരു പരിശോധനയും കൂടാതെ കായം മായമില്ലാത്തതാണെന്ന് തിരിച്ചറിയാനുള്ള ആദ്യ വഴി അവയുടെ മണമാണ്. കായം പായ്‌ക്കറ്റ് തുറന്നാലുള്ള സുഗന്ധം ഏറെനേരം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ശുദ്ധമായ കായം തന്നെയാണെന്ന് മനസിലാക്കാം. തുറന്നയുടൻ കടുത്ത മണം വരികയും എന്നാല്‍ ശേഷം പാചകത്തിനുപയോഗിക്കുമ്പോള്‍ യാതൊരു മണവും തോന്നാതിരിക്കുകയും ചെയ്‌താല്‍ കായപ്പൊടി, കട്ട മായം കലർന്നെന്ന് മനസിലാക്കാം.

കായം വെള്ളത്തില്‍ കലർത്തി നോക്കിയാല്‍ അറിയാം മായം

അതെ കായത്തിന്റെ മായം അറിയാൻ സാധാരണയായി ചെയ്യാവുന്ന ഒന്നാണ് വെള്ളം ഉപയോഗിച്ചുള്ള പരിശോധന. അല്‍പം ചൂടുവെള്ളം എടുത്തശേഷം അതിലേക്ക് കുറച്ച്‌ കായം പൊടിയോ കട്ടയോ ചേർക്കുക. പൂർണമായും അലിഞ്ഞ് അത് വെള്ളത്തില്‍ ചേർന്നാല്‍ അത് ശുദ്ധമായ കായമാണ്. അതിനുശേഷം വെള്ളത്തില്‍ മറ്റ് അവശിഷ്‌ടങ്ങളൊന്നും ഉണ്ടാകാതിരുന്നാല്‍ ഉറപ്പിക്കാം അതാണ് ശുദ്ധമായ കായം എന്ന്.

ചൂടാക്കി നോക്കാം

കായം ഒരു ചെറിയ സ്‌പൂണില്‍ അല്‍പമെടുത്തശേഷം അത് തീയുടെ മുകളില്‍ കാണിക്കുക. ശുദ്ധമായ കായം അപ്പോള്‍തന്നെ ഉരുകിത്തീരുകയും ഒരു കട്ടിയേറിയ സുഗന്ധം ഉണ്ടാകുകയും ചെയ്യും. ഇനി മോശം ഗന്ധം വരികയോ ചാരമായിപ്പോകുകയോ ചെയ്‌താല്‍ ആ കായം വ്യാജമാണെന്ന് മനസിലാക്കാം.അറേബ്യയില്‍ നിന്നുള്ളവരാണ് ആയിരക്കണക്കിന് വർഷം മുൻപ് ഇന്ത്യയില്‍ കായം എത്തിച്ചത്. ഇന്ന് ഇന്ത്യയിലെ ഭക്ഷണത്തിന്റെ പ്രധാന ചേരുവ ഇവയാണ്. നല്ല രുചിക്ക് ‌വേണ്ടിമാത്രമല്ല മണത്തിന് വേണ്ടിയും ഇവ ആഹാരത്തില്‍ ചേർക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *