കോഴിക്കോട്:വിരൽത്തുമ്പിൽ കലയുടെ വിസ്മയം തീർത്തും സാമൂഹിക ബോധവത്കരണ പ്രവർത്തനങ്ങളിൽ സജീവമായും ശ്രദ്ധേയനായ ജെ.ഡി.ടി. ഇസ്‌ലാം ഹൈസ്കൂളിലെ ചിത്രകലാധ്യാപകൻ സാജിദ് ചോലയ്ക്ക് നാഷണൽ സെലിബ്രിറ്റി ടീച്ചർ അവാർഡ്.

സാമൂഹിക പ്രവർത്തനങ്ങൾക്കും കലാ-സാംസ്കാരിക ഇടപെടലുകൾക്കും പുറമെ യുദ്ധക്കെടുതികൾക്കും സാമൂഹിക തിന്മകൾക്കുമെതിരെ പൊതുയിടങ്ങളിലും വിദ്യാലയങ്ങളിലും നിരവധി കലാപ്രദർശനങ്ങളും ബോധവത്കരണ പരിപാടികളും സാജിദ് ചോല സംഘടിപ്പിച്ചിട്ടുണ്ട്. ചിത്രകാരന്മാരോടൊപ്പം പ്രവർത്തിക്കുകയും വിദ്യാർത്ഥികളെ ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ പ്രത്യേകതയാണ്.

ലഹരിവിരുദ്ധ സന്ദേശവുമായി കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും തെരുവോരങ്ങളിലും കൂട്ടച്ചിത്രരചനകൾ സംഘടിപ്പിച്ചിട്ടുണ്ട്. കടപ്പുറത്ത് സിറിയൻ ബാലൻ അയ്ലാൻ കുർദിയുടെ ഭീമാകാരമായ മണൽശിൽപം തീർത്തതും ശ്രദ്ധേയമായിരുന്നു.

ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് സൗജന്യമായി ചിത്രകലാ പരിശീലനം നൽകുന്നതിലും സാജിദ് സജീവമാണ്. പൂനൂരിലെ ആസ്മാൻ സ്പെഷ്യൽ സ്കൂൾ, വെള്ളിമാടുകുന്നിലെ സി.ഡബ്ല്യു.സി. തുടങ്ങിയ സ്ഥാപനങ്ങളിൽ അദ്ദേഹം കലാപരിശീലനം നൽകിയിട്ടുണ്ട്. ചുമരുകളിൽ ചിത്രങ്ങൾ വരയ്ക്കുന്നതും കുട്ടികൾക്ക് സൗജന്യമായി ചിത്രകലാ പരിശീലനം നൽകുന്നതും അദ്ദേഹത്തിന്റെ ഹോബികളാണ്. നിരവധി പരിശീലന ക്യാമ്പുകളും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്.

കൂളിമാട് പാലം ഉദ്ഘാടന വേളയിൽ മൂന്ന് പ്രദേശങ്ങളിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ച് സാജിദ് ചോല ഒരുക്കിയ ചിത്രം ഏറെ കൗതുകമുണർത്തിയിരുന്നു. ലഹരിവിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കുകയും പെയിന്റിങ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വിവിധ ദിനാചരണങ്ങളെ കലാമയമാക്കുന്നതും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ സവിശേഷതയാണ്.

കോഴിക്കോട് കൈരളിശ്രീ ഓഡിറ്റോറിയത്തിൽ നടന്ന ഇൻഡോ-ജപ്പാൻ എഡ്യൂക്കേഷൻ സമ്മിറ്റിൽ ഡൽഹി ചേംബർ ഓഫ് എഡ്യൂക്കേഷന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജനറൽ ലിയോ അനു (സിംഗപ്പൂർ) സാജിദ് ചോലയ്ക്ക് പുരസ്കാരം സമ്മാനിച്ചു.ചടങ്ങിൽ ഡയറക്ടർ പി.കെ. നൗഷാദ്, പത്മശ്രീ അലി മണിക്ഫാൻ, ഡോ. ബാലകൃഷ്ണൻ നമ്പ്യാർ, മജീഷ്യൻ പ്രദീപ് ഹുഡിനോ, ഗുരുകുലം ബാബു, നിയാസ് ചോല തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.ഭാര്യ: ഫസീലമക്കൾ: ഹാദി മുഹമ്മദ് ചോല, ഹാനി മുഹമ്മദ് ചോല, ഹവ്വ

Leave a Reply

Your email address will not be published. Required fields are marked *