Oplus_16908288

ആകാശത്തുനിന്ന് മീനുകള്‍ മഴയായി പെയ്തിറങ്ങിയാല്‍ എങ്ങനെയുണ്ടാകും? വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ? മീനുകളൊക്കെ എങ്ങനെ മഴയായി പെയ്യാനാണ് എന്നാണോ?എന്നാല്‍, അമേരിക്കയിലെ ലൂസിയാനയില്‍ ഇത്തരമൊരു അത്ഭുത പ്രതിഭാസം നടന്നിട്ടുണ്ട്. 1947 ഒക്ടോബർ 23 -നാണ് മാർക്‌സ്‌വില്‍ എന്ന ചെറിയ നഗരത്തില്‍ ആകാശത്തുനിന്ന് മീനുകള്‍ പെയ്തിറങ്ങിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

1947 ഒക്ടോബർ 23 -ന് മെമെയിൻ സ്ട്രീറ്റ്, കോടതി കെട്ടിട പരിസരത്താണ് ഇത് നടന്നത്. തുടർന്ന് ഏകദേശം 1,000 അടി നീളത്തിലും 80 അടി വീതിയിലും മീനുകള്‍ ചിതറിക്കിടന്നു. ബാസ് , സണ്‍ഫിഷ് , മിന്നോസ് , ഹിക്കറി ഷാഡ് തുടങ്ങിയ ശുദ്ധജല മത്സ്യങ്ങളാണ് ഇവിടെ ചിതറിക്കിടന്നത്.

ഫ്രഷ് വാട്ടർ ഫിഷ് എക്സ്പെർട്ടായ ഡോ. അലക്സാണ്ടർ ദിമിത്രിയേവിച്ച്‌ ബജ്‌കോവും ഭാര്യ വർജീനിയയും ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്നതിനിടയിലാണ് നാട്ടുകാർ ഈ വിവരം അവരെ അറിയിച്ചത്.

ഈ വിചിത്ര പ്രതിഭാസത്തിന് പിന്നില്‍ ഒരു വാട്ടർസ്പൗട്ട് ആയിരിക്കാം എന്നാണ് ഡോ. ബജ്‌കോവ് ഈ സംഭവത്തിന് നല്‍കിയ വിശദീകരണം. ജലാശയങ്ങള്‍ക്ക് മുകളിലായി രൂപംകൊള്ളുന്ന ചുഴലിക്കാറ്റിന് സമാനമായ ഈ പ്രതിഭാസം വെള്ളത്തിലുള്ള ചെറിയ മീനുകളെ വായുവില്‍ ഉയർത്തിക്കൊണ്ടുപോയി കരയിലേക്ക് വർഷിക്കുകയാകാം ചെയ്തത് എന്നും ഇവർ അനുമാനത്തിലെത്തി. ഔദ്യോഗിക കാലാവസ്ഥാ രേഖകളില്‍ അന്ന് കൊടുങ്കാറ്റ് രേഖപ്പെടുത്തിയിട്ടില്ലെങ്കിലും, തലേദിവസം പ്രദേശത്ത് ചുഴലിക്കാറ്റുകളും വാട്ടർസ്പൗട്ടുകളും ഉള്ളതായി കണ്ടിരുന്നു.

ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ അപൂർവ്വമല്ലെന്നും ഗിന്നസ് റെക്കോർഡ്സ് വ്യക്തമാക്കുന്നു. 2023 ഫെബ്രുവരിയില്‍ ഓസ്ട്രേലിയയിലെ ലജാമാനുവിലും സമാനമായ രീതിയില്‍ മീനുകള്‍ മഴയായി പെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *