റിയാദിലുണ്ടായ മാരകമായ ആക്രമണങ്ങളെത്തുടര്‍ന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട നടപടി നീട്ടിയതോടെ, ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികള്‍ സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തു.ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, ആകാശ എയര്‍ എന്നി വിമാനകമ്പനികളാണ് സര്‍വീസ് നിര്‍ത്തി വെച്ചിരിക്കുന്നത്.
‘സൗദി അറേബ്യയിലെ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത്, റിയാദ്, ജിദ്ദ, ദമ്മാം, മദീന എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 17 വരെ റദ്ദാക്കിയിരിക്കുന്നു,’ എന്ന് ഇന്‍ഡിഗോ അറിയിച്ചു. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാര്‍ തങ്ങളുടെ വിമാനത്തിന്റെ നിലവിലെ സ്ഥിതി (ഫ്‌ലൈറ്റ് സ്റ്റാറ്റസ്) പരിശോധിക്കണമെന്ന് കമ്പനി നിര്‍ദ്ദേശിച്ചു.
ബുക്കിംഗ് സമയത്ത് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് ഇതുസംബന്ധിച്ച അറിയിപ്പുകള്‍ യാത്രക്കാര്‍ക്ക് അയക്കുന്നുണ്ടെന്നും അവര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് ഞങ്ങള്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നത് എന്ന് വ്യക്തമാക്കിയ ഇന്‍ഡിഗോ എന്തെങ്കിലും സംശയങ്ങളോ ആശങ്കകളോ ഉണ്ടെങ്കില്‍ സഹായിക്കാന്‍ തങ്ങളുടെ സപ്പോര്‍ട്ട് ടീമുകള്‍ സജ്ജമാണെന്നും അറിയിച്ചു.
സുരക്ഷിതമായ പ്രവര്‍ത്തനങ്ങള്‍ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികൃതരുമായി നിരന്തരം സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്നും വിമാനക്കമ്പനി അറിയിച്ചു. എയര്‍ ഇന്ത്യയും റിയാദിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 15 വരെ റദ്ദാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും റിയാദിലേക്ക് ആഴ്ചയില്‍ ഏഴ് വിമാന സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസും റിയാദിലേക്കുള്ള സര്‍വീസുകള്‍ ഒക്ടോബര്‍ 14 വരെ നിര്‍ത്തിവെച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും കമ്പനി നല്‍കുന്നുണ്ട്. ബെംഗളൂരു, കൊച്ചി, കണ്ണൂര്‍, കോഴിക്കോട് എന്നീ നാല് ഇന്ത്യന്‍ നഗരങ്ങളില്‍ നിന്ന് ആഴ്ചയില്‍ 16 വിമാന സര്‍വീസുകളാണ് കമ്പനി റിയാദിലേക്ക് നടത്തുന്നത്. ആകാശ എയറും ജിദ്ദയിലേക്കും റിയാദിലേക്കുമുള്ള വിമാന സര്‍വീസുകള്‍ ഒക്ടോബര്‍ 13 വരെ നിര്‍ത്തിവെച്ചിരുന്നു.
നിരവധി അന്താരാഷ്ട്ര വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുന്ന സാഹചര്യത്തില്‍, ഈ റദ്ദാക്കലുകള്‍ ഇന്ത്യയും സൗദി അറേബ്യയും വഴിയുള്ള യാത്രക്കാര്‍ക്ക് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ട നടപടി സൗദി അധികൃതര്‍ ശനിയാഴ്ച വരെ നീട്ടിയിരിക്കുകയാണ്. സൗദി അറേബ്യയിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമാണ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം.
വിമാനത്താവളത്തിലെ സൗകര്യങ്ങളുടെ സുരക്ഷയും പ്രവര്‍ത്തന സജ്ജതയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ഈ തീരുമാനമെന്ന് സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ശനിയാഴ്ചയുണ്ടായ ഹൂതി ആക്രമണത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 300-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെത്തുടര്‍ന്നാണ് വിമാനത്താവളം അടച്ചിട്ടത്.
മേഖലയിലെ സംഘര്‍ഷങ്ങളും ജെറ്റ് ഇന്ധനവിലയിലെ വര്‍ധനവും മൂലം വിമാനക്കമ്പനികള്‍ ഇതിനകം തന്നെ പ്രതിസന്ധി നേരിടുന്നതിനിടെയാണ്, സൗദിയിലെ വ്യോമഗതാഗതത്തെ സാരമായി ബാധിക്കുന്ന തരത്തിലുള്ള ഈ തടസവും ഉണ്ടായിരിക്കുന്നത്. റിയാദ് വിമാനത്താവളത്തിലെ പ്രവര്‍ത്തന തടസം ഇന്ത്യന്‍ വിമാനക്കമ്പനികളെ മാത്രമല്ല ബാധിച്ചിരിക്കുന്നത്.
യൂറോപ്പിലെയും ഏഷ്യയിലെയും വിവിധ വിമാനക്കമ്പനികളും തങ്ങളുടെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിട്ടുണ്ട്. സൗദി അറേബ്യയിലേക്കോ അതിനു മുകളിലൂടെയോ വിമാനങ്ങള്‍ പറത്തുമ്പോള്‍ ജാഗ്രത പാലിക്കണമെന്ന് യുഎസ് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ യുഎസ് വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.