ആലുവ: മിനികൂപ്പർ ഇടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിലെ പ്രതി സുഹൈല്‍ സജീവിന് മർദ്ദനം. ആശുപത്രിയില്‍ പരിശോധനകള്‍ക്ക് ശേഷം പോലീസ് സുഹൈലിനെ തിരികെ കൊണ്ടുപോകുന്ന ഘട്ടത്തിലാണ് ആക്രമണം നടന്നത്.
നാട്ടുകാർ പെട്ടെന്ന് ചുറ്റും കൂടുകയും ‘നിന്റെ വാപ്പ എവിടേടാ’ എന്ന് ചോദിച്ച് ആക്രമിക്കുകയായിരുന്നു. ആദ്യം അടിക്കാൻ ശ്രമിച്ചയാളെ പോലീസ് തടുത്തു. പിന്നീട് ആശുപത്രിയുടെ മുറ്റത്തേക്ക് ഇറങ്ങിയപ്പോള്‍ വശത്തു നിന്ന് ഒരാള്‍ നടത്തിയ ആക്രമണം സുഹൈലിന്റെ മുഖത്ത് ശരിക്ക് കൊണ്ടു. മുഖം പൊത്തിയാണ് പിന്നീട് സുഹൈല്‍ നടന്നത്. ഇയാളെ പോലീസ് വീണ്ടും ആശുപത്രിയിലേക്ക് കൊണ്ടുപോയി. കാര്യമായ പരിക്കൊന്നും ഈ ആക്രമണത്തില്‍ ഉണ്ടായിട്ടില്ലെന്നാണ് വിവരം.
അതെസമയം ആക്രമണം നടത്തിയ യുവാവിനെ പോലീസ് പിടികൂടിയിട്ടുണ്ട്. ‘കസ്റ്റഡിയിലിരിക്കുന്ന ആളെ അടിക്കാറായോടാ’ എന്ന് പോലീസുകാർ ഇയാളെ പിടികൂടുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം.
നെടുമ്പാശ്ശേരിയിലേക്ക് കൂട്ടുകാരെ കൂട്ടാനായി യാത്ര ചെയ്യുകയായിരുന്നു സുഹൈല്‍ സജീവ് എന്നാണ് അറിയുന്നത്. യാത്രയ്ക്കിടയില്‍ മൂന്ന് ബാറുകളില്‍ കയറി പ്രതി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ട് സുഹൈല്‍. കൊച്ചിയിലെ പ്രമുഖ വസ്ത്ര വ്യാപാര സ്ഥാപനമായ ഇഹാ ഡിസൈന്സിന്റെ ഉടമ നൂഹ സജീവിന്റെയും സജീവ് ജമാലിന്റെയും മകനാണ് സുഹൈല്‍ സജീവ്.
സോഷ്യല്‍ മീഡിയയിലടക്കം വലിയ പ്രതിഷേധമാണ് സുഹൈല്‍ സജീവിനെതിരെ നടക്കുന്നത്. നെടുമ്പാശ്ശേരി എയർപോർട്ട് റോഡില്‍ ഞായറാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സുഹൈല്‍ അപകടമുണ്ടാക്കിയത്. ഇയാള്‍ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറില്‍ അതിവേഗതയില്‍ ചെന്നിടിക്കുകയായിരുന്നു. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തല്‍ക്ഷണം മരിച്ചു. സുഹൈല്‍ സജീവിനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മരിച്ച ഗോപികയുടെ പോസ്റ്റ്‌മോർട്ടം അങ്കമാലി എല്‍ എഫ് ആശുപത്രിയിലാണ് നടക്കുക. ഇയാസ് ദേവിക എന്നിവരുടെ പോസ്റ്റ്‌മോർട്ടം ആലുവ ജില്ലാ ആശുപത്രിയിലും നടക്കും. പോസ്റ്റ്‌മോർട്ടം നടപടികള്‍ ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
തൃക്കാക്കരയിലെ ആന്റിക് ഷോപ്പില്‍ പാര്‍ട്ട് ടൈം ജോലി ചെയ്തിരുന്നവരാണ് കൊല്ലപ്പെട്ട മൂന്നു പേരും. ഇവർ ജോലി കഴിഞ്ഞ് തിരികെ പോകുമ്പോഴാണ് സുഹൈല്‍ സജീവ് കാറിടിച്ച് കൊലപ്പെടുത്തിയത്. ഇവർക്കൊപ്പം മറ്റ് രണ്ട് ബൈക്കുകളില്‍ മറ്റ് കൂട്ടുകാരും ഉണ്ടായിരുന്നു. എല്ലാവരും പഠനാവശ്യത്തിനായി പാര്‍ട്ട് ടൈം ജോലി ചെയ്തു വരികയായിരുന്നു.