കണ്ണൂർ: കേരളത്തില്‍ എയിംസ് വരുമെന്നും അത് താൻ നല്‍കിയ വാക്കാണെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. എയിംസിന് തറക്കല്ലെങ്കിലും ഇടാതെ അടുത്ത തെരഞ്ഞെടുപ്പില്‍ വോട്ട് ചോദിക്കാൻ വരില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.ജെപി നദ്ദ നല്‍കിയ ഉറപ്പുണ്ട്. കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചത് മുൻഗണനയെ കുറിച്ചാണ്. അതിന് ഹൈക്കോടതി മറുപടിയും നല്‍കിയിട്ടുണ്ട്.
കോടതി ജനങ്ങള്‍ക്ക് വേണ്ടിയാണ് നില്‍ക്കുന്നതെന്ന് പറഞ്ഞ സുരേഷ് ഗോപി കേരളത്തില്‍ എയിംസ് സ്ഥാപിക്കാനുള്ള 5 സ്ഥലങ്ങളുടെ പ്രെപ്പോസല്‍ സംസ്ഥാന സർക്കാർ ഇതുവരെയും നല്‍കിയിട്ടില്ലെന്നും വ്യക്തമാക്കി. നല്‍കുന്ന മുറയ്ക്ക് ഉചിതമായ സമയത്ത് കേന്ദ്രം എയിംസ് കേരളത്തിന് നല്‍കും. കാർഷിക സർവകലാശാലയുടെ തൃശ്ശൂരിലെ ഭൂമി ഉള്‍പ്പെടെ ഉണ്ട്. അക്കാര്യം തിരുവനന്തപുരത്ത് ഒരു യോഗത്തില്‍ പങ്കെടുത്തു കൊണ്ടിരുന്നപ്പോള്‍ താൻ കെ മുരളീധരനോട് പറഞ്ഞിരുന്നു. അത്തരം പ്രൊപ്പോസല്‍സ് ഒന്നും കേരളം നല്‍കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേ സമയം, കേരളത്തില്‍ എയിംസ് അനുവദിക്കുന്നത് മുന്‍ഗണനയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരിക്കുകയാണ്. ആരോഗ്യരംഗം മോശമായ സംസ്ഥാനങ്ങള്‍ക്കാണ് ആദ്യ പരിഗണനയെന്നും കേരളം ആരോഗ്യരംഗത്ത് മുന്നിലാണെന്നും കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എയിംസ് അനുവദിക്കുന്നതിലെ കാലതാമസം ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. 230 31 ലെ പി.എം.എസ്.എസ്.വൈ പദ്ധതിയ്ക്ക് അംഗീകാരം ലഭിച്ച ശേഷം മാത്രമേ എയിംസില്‍ തീരുമാനം എടുക്കാനാകൂവെന്നും കേന്ദ്രം വ്യക്തമാക്കി.
എന്നാല്‍ കേരളം എയിംസ് അർഹിക്കുന്നുണ്ടെന്നും ആരോഗ്യരംഗത്ത് മുന്നില്‍ നില്‍ക്കുന്നത് കേരളത്തിന് അയോഗ്യതയാണോ എന്ന് ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു. എല്ലാവര്‍ക്കും മുന്‍നിര സ്വകാര്യ ആശുപത്രിയിലേക്ക് പോകാനാവില്ല. ജനസാന്ദ്രത കൂടിയ സംസ്ഥാനമാണ് കേരളമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വിമർശിച്ചു. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കുമെന്ന് പ്രതീക്ഷിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജി 6 ആഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.
