Oplus_16908288

ന്യൂയോർക്ക്: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസാധാരണമായ ചൂടും കാലാവസ്ഥാ വ്യതിയാനങ്ങളും രൂക്ഷമാകുന്നതിനിടെ എല്‍ നിനോ പ്രതിഭാസം കൂടുതല്‍ ശക്തമാകുന്നതായി മുന്നറിയിപ്പ്.1950ന് ശേഷമുള്ള ഏറ്റവും ശക്തമായ എല്‍നിനോ പ്രതിഭാസമായി നിലവിലെ സാഹചര്യം മാറിയേക്കാമെന്നാണ് ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഏജൻസിയായ വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓർഗനൈസേഷൻ (ഡബ്ല്യൂഎംഒ) വിലയിരുത്തുന്നത്.

കാലാവസ്ഥാ ഭൂപടത്തില്‍ ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തിലായിരിക്കുന്ന ചിത്രം പങ്കുവച്ചാണ് കാലാവസ്ഥാ വിദഗ്ധർ സ്ഥിതിഗതികളുടെ ഗൗരവം ചൂണ്ടിക്കാട്ടുന്നത്. എല്‍ നിനോയുടെ തീവ്രത കൂടുന്നതിനനുസരിച്ച്‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ മാസം മുതല്‍ എല്‍ നിനോയുടെ പ്രഭവകേന്ദ്രത്തിലെ ഊഷാമാവ് സാധാരണയേക്കാള്‍ 3.7 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയർന്നേക്കുമെന്നാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

എല്‍ നിനോ സ്വാഭാവികമായി ഉണ്ടാകുന്ന കാലാവസ്ഥാ പ്രതിഭാസമാണ്. പസഫിക് സമുദ്രത്തിലെ സാധാരണയേക്കാള്‍ ഉയർന്ന സമുദ്രജല താപനിലയാണ് ഇതിന്റെ പ്രധാന സവിശേഷത. ഇത് ആഗോള കാലാവസ്ഥാ രീതികളെ ബാധിക്കുകയും ചില പ്രദേശങ്ങളില്‍ വരള്‍ച്ചയ്ക്കും മറ്റിടങ്ങളില്‍ ശക്തമായ മഴയ്ക്ക് കാരണമാകുകയും ചെയ്യും.

സാധാരണയായി രണ്ട് മുതല്‍ ഏഴ് വർഷം വരെയുള്ള ഇടവേളകളിലാണ് എല്‍ നിനോ രൂപപ്പെടുന്നത്. എന്നാല്‍ മനുഷ്യ നിർമ്മിത കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷവശങ്ങള്‍ക്കൊപ്പം എല്‍ നിനോ കൂടി ശക്തിപ്രാപിച്ചാല്‍ താപനില ക്രമാതീതമായി ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ എല്‍ നിനോ 2027 ഫെബ്രുവരി വരെ തുടരാൻ സാദ്ധ്യതയുണ്ടെന്നാണ് ഡബ്ല്യൂഎംഒ വ്യക്തമാക്കുന്നത്.

കാലാവസ്ഥാ ശാസ്ത്രജ്ഞർ ഈ എല്‍ നിനോയെ അസാധാരണമായ തീവ്രതയുള്ളതായാണ് വിശേഷിപ്പിക്കുന്നത്. ചില വിദഗ്ധർ ഇതിനെ ‘സൂപ്പർ-ഡ്യൂപ്പർ എല്‍ നിനോ’ എന്നും വിളിക്കുന്നുണ്ട്. ഇതിനെത്തുടർന്ന്, ശക്തമായ ചൂട്, വരള്‍ച്ച, അതിശക്തമായ മഴ തുടങ്ങിയ കാലാവസ്ഥാ വ്യതിയനങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *