Oplus_16908288

നമ്മുടെ അടുക്കളകളില്‍ തികച്ചും സാധാരണമായി കാണുന്ന, എന്നാല്‍ പലരും അതിന്റെ യഥാർഥ ഗുണം തിരിച്ചറിയാതെ പോകുന്ന ഒരു സൂപ്പർ ഫുഡാണ് മുരിങ്ങ.സാമ്പാറിലും കറികളിലുമൊക്കെ നാം പതിവായി ഉപയോഗിക്കാറുള്ള ഈ നാടൻ പച്ചക്കറി, മുടിയുടെ ആരോഗ്യത്തിന് എത്രത്തോളം സഹായിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? തിളക്കമില്ലാത്തതും കൊഴിയുന്നതുമായ മുടിയെ ഉള്ളുള്ളതും കരുത്തുറ്റതുമാക്കി മാറ്റാൻ ഈ ‘നാടൻ സൂപ്പർഫുഡിനെ’ എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.

മുരിങ്ങയെ ‘മിറക്കിള്‍ ട്രീ’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട്?

മുരിങ്ങയെ ഒരു അത്ഭുത വൃക്ഷം എന്ന് വിളിക്കുന്നതിന് കൃത്യമായ കാരണമുണ്ട്. ഇതിന്റെ ഇലകളും കായകളും മുതല്‍ വിത്തുകള്‍ വരെ നിങ്ങളുടെ മുടിക്ക് ആവശ്യമായ വിറ്റാമിനുകളാലും ധാതുക്കളാലും സമ്പന്നമാണ്. മുടിവളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ, വിറ്റാമിൻ സി, സിങ്ക്, ഇരുമ്പ് എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.

വിറ്റാമിൻ എ: തലയോട്ടിയിലെ ഈർപ്പം നിലനിർത്താനും താരൻ, വരള്‍ച്ച എന്നിവ തടയാനും സഹായിക്കുന്നു.

വിറ്റാമിൻ സി: മുടിയിഴകള്‍ക്ക് കരുത്ത് നല്‍കുന്ന കൊളാജന്റെ ഉത്പാദനം വർധിപ്പിക്കുന്നു.

സിങ്കും ഇരുമ്പും: തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നു.

ദൈനംദിന ഉപയോഗത്തിന് മുരിങ്ങയില പൊടി

തിരക്കേറിയ ജീവിതശൈലിയുള്ളവർക്ക് ഏറ്റവും എളുപ്പത്തില്‍ ഉപയോഗിക്കാൻ കഴിയുന്ന ഒന്നാണ് മുരിങ്ങയില പൊടി.രാവിലത്തെ സ്മൂത്തിയിലോ, കരിക്കിൻ വെള്ളത്തിലോ, അല്ലെങ്കില്‍ ഇളം ചൂടുവെള്ളത്തില്‍ അല്പം തേൻ ചേർത്തോ ഒരു ടീസ്പൂണ്‍ മുരിങ്ങയില പൊടി ഉപയോഗിക്കാം.

മുടിയുടെ പ്രധാന പ്രോട്ടീനായ കെരാറ്റിൻ നിർമിക്കാൻ ആവശ്യമായ അമിനോ ആസിഡുകളും പ്ലാന്റ് ബേസ്ഡ് പ്രോട്ടീനും ഇതില്‍ ധാരാളമുണ്ട്. ഇത് സ്ഥിരമായി കഴിക്കുന്നത് മുടികൊഴിച്ചില്‍ കുറയ്ക്കാനും മുടിക്ക് കട്ടിയും തിളക്കവും വർധിപ്പിക്കാനും സഹായിക്കും.

മുടിക്ക് ഉന്മേഷം നല്‍കാൻ മുരിങ്ങ ജ്യൂസ്

കൂടുതല്‍ ഫ്രഷ് ആയ ഒരു രീതിയാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ മുരിങ്ങ ജ്യൂസ് തിരഞ്ഞെടുക്കാം. ശുദ്ധമായ മുരിങ്ങയില വെള്ളത്തിലോ അല്പം നാരങ്ങാനീരോ തേനോ ചേർത്ത് അടിച്ചെടുക്കാം. രാവിലെ വെറും വയറ്റില്‍ 30-50 മില്ലിലിറ്റർ മുരിങ്ങ ജ്യൂസ് കുടിക്കുന്നത് പോഷകങ്ങളെ വേഗത്തില്‍ ആഗിരണം ചെയ്യാൻ സഹായിക്കും.

ഇതിനുപുറമെ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേർത്ത് മുരിങ്ങ ജ്യൂസ് നേരിട്ട് തലയോട്ടിയില്‍ പുരട്ടുന്നതും വളരെ നല്ലതാണ്. 30 മിനിറ്റിനുശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച്‌ കഴുകിക്കളയാം. ഇത് താരൻ അകറ്റാനും വേരുകള്‍ക്ക് ബലം നല്‍കാനും സഹായിക്കുന്ന മികച്ചൊരു ഹെയർ മാസ്ക് ആണ്.

ആയുർവേദവും മുരിങ്ങയും

മുരിങ്ങ ഒരു ഇൻസ്റ്റഗ്രാം ട്രെൻഡായി മാറുന്നതിന് വളരെ മുമ്പു ത.ന്നെ നമ്മുടെ മുത്തശ്ശിമാർ മുടി വളരാനായി ഈ വിദ്യ ഉപയോഗിച്ചിരുന്നു. മുരിങ്ങയിലയും ചെമ്പരത്തിയും ചേർത്ത് അരച്ച്‌ തലയില്‍ തേക്കുന്നത് മുടി തഴച്ചുവളരാൻ പണ്ടുമുതലേ ഉപയോഗിക്കുന്നൊരു രീതിയാണ്. ശരീരത്തിലെ അമിതമായ ചൂട് കുറയ്ക്കാനും അതുവഴി മുടികൊഴിച്ചില്‍ തടയാനും മുരിങ്ങയ്ക്ക് കഴിയും. കൂടാതെ, കറികളില്‍ ഉപയോഗിക്കുന്ന മുരിങ്ങക്കായ ഒരിക്കലും മാറ്റിവെക്കരുത്; ഇത് രക്തചംക്രമണം മെച്ചപ്പെടുത്താൻ ഏറെ സഹായിക്കും.

ഏറ്റവും മികച്ച ഫലം ലഭിക്കാൻ ആഴ്ചയില്‍ അഞ്ച് ദിവസം മുരിങ്ങയില പൊടിയും രണ്ട് ദിവസം ഡീപ് ക്ലെൻസിങ്ങിനായി മുരിങ്ങ ജ്യൂസും എന്ന രീതിയില്‍ ഉപയോഗിക്കാം. ഈ രീതികള്‍ കൃത്യമായി പിന്തുടർന്നാല്‍ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മുടികൊഴിച്ചില്‍ മാറി പുതിയ മുടി വളരുന്നത് നിങ്ങള്‍ക്ക് നേരിട്ട് കണ്ടറിയാം!

Leave a Reply

Your email address will not be published. Required fields are marked *