സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറില്‍ (പുറപ്പെടുവിച്ച സമയം 5 PM) ഏതാനും ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.കോട്ടയം, എറണാകുളം, തൃശ്ശൂർ , ഇടുക്കി ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മന്നാർ കടലിടുക്കിനും സമീപ തെക്കൻ തമിഴ്നാട് തീരപ്രദേശങ്ങള്‍ക്കും മുകളില്‍, സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റർ ഉയരത്തില്‍ ചക്രവാതച്ചുഴി നിലനില്ക്കുന്നു.ഈ ചക്രവാതച്ചുഴിയില്‍ നിന്ന് വടക്കൻ തമിഴ്നാടും വടക്കൻ കേരളവും വഴി, മധ്യ കിഴക്കൻ അറബിക്കടല്‍ വരെ 0.9 കിലോമീറ്റർ ഉയരത്തില്‍ ന്യൂന മർദ്ദ പാത്തി നിലനില്‍ക്കുന്നുവെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
കേരളത്തില്‍ 2026 ഒക്ടോബർ 4 മുതല്‍ 08 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.ഒക്ടോബർ 4 മുതല്‍ 06 വരെയുള്ള തീയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 4 മുതല്‍ 06 വരെയുള്ള വരെയുള്ള തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി മിന്നലിനും മണിക്കൂറില്‍ 40 -50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിലും ഒക്ടോബർ 5 തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലും ഒക്ടോബർ 6 ചൊവ്വാഴ്ച ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
