റേഷൻ വിതരണ രംഗത്ത് വൻ മാറ്റത്തിനൊരുങ്ങി കേന്ദ്ര സർക്കാർ. പേപ്പർ കറൻസികള്‍ക്ക് പകരം ഡിജിറ്റല്‍ കറൻസിയും ഇവാലറ്റും ഉപയോഗിച്ച് റേഷൻ സാധനങ്ങള്‍ സ്വന്തമാക്കാൻ സഹായിക്കുന്ന ‘സ്മാർട്ട് പിഡിഎസ്’ (Smart PDS) കേരളമുള്‍പ്പെടെയുള്ള ഏഴ് സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നു.
ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുത്ത ചില ജില്ലകളിലാണ് ഈ പൈലറ്റ് പദ്ധതി ആരംഭിക്കുക.
എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) തുടങ്ങിയ സൗജന്യ റേഷൻ ലഭിക്കുന്ന കാർഡ് ഉടമകള്‍ക്കാണ് ഈ പുതിയ ഡിജിറ്റല്‍ സംവിധാനത്തിന്റെ പ്രയോജനം ലഭിക്കുക. ഈ പദ്ധതി പ്രകാരം ഗുണഭോക്താക്കളുടെ മൊബൈല്‍ ഫോണിലെ ഇവാലറ്റിലേക്ക് ആമാസത്തെ റേഷൻ വിഹിതത്തിനുള്ള തുക ഡിജിറ്റല്‍ കറൻസിയായി കേന്ദ്രം നേരിട്ട് അയച്ചുനല്‍കും.
റേഷൻ വിവരങ്ങള്‍ മുൻകൂട്ടി ഫോണില്‍ സന്ദേശമായി ലഭിക്കുകയും ചെയ്യും. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിയ ശേഷം ഈ ഇവാലറ്റ് വഴി തന്നെ തുക വ്യാപാരിക്ക് കൈമാറാം. ഈ തുക റേഷൻ സാധനങ്ങള്‍ വാങ്ങാൻ മാത്രമെ ഉപയോഗിക്കാൻ കഴിയൂ എന്നതിനാല്‍ അഴിമതി തടയാനും ഇടപാടുകളില്‍ സുതാര്യത ഉറപ്പാക്കാനും സാധിക്കും. കൂടാതെ, കേന്ദ്ര സർക്കാർ അരിയും ഗോതമ്പും നേരിട്ട് നിരീക്ഷിക്കുന്നതിനാല്‍ അളവില്‍ കൃത്രിമം കാണിക്കാനുള്ള പഴുതുകളും അടയും.
സ്മാർട്ട് പിഡിഎസിനൊപ്പം റേഷൻ കാർഡ് ഉടമകള്‍ക്കായി കർശനമായ ഇകെവൈസി പരിശോധനകളും സർക്കാർ കൊണ്ടുവരുന്നുണ്ട്. തുടർച്ചയായി ആറുമാസത്തോളം റേഷൻ കൈപ്പറ്റാത്തവരുടെ കാർഡുകള്‍ താല്കാലികമായി മരവിപ്പിക്കും. എങ്കിലും ഇത്തരക്കാർക്ക് കാർഡ് പുനരുജ്ജീവിപ്പിക്കുന്നതിനായി 90 ദിവസത്തെ സാവകാശം ലഭിക്കും.ഈ സമയപരിധിക്കുള്ളില്‍ കാർഡിലെ ഏതെങ്കിലും ഒരു അംഗം റേഷൻ കടയിലെത്തി ഇപോസ് മെഷീനില്‍ വിരലടയാളം നല്കി ഇകെവൈസി പൂർത്തിയാക്കിയാല്‍ കാർഡ് വീണ്ടും സജീവമാക്കാം. എന്നാല്‍, മുഴുവൻ അംഗങ്ങളും ഇകെവൈസി നടപടികള്‍ പൂർത്തിയാക്കിയാല്‍ മാത്രമേ മുഴുവൻ റേഷൻ വിഹിതവും ലഭിക്കുകയുള്ളൂ. 90 ദിവസത്തിനകം ഇത് ചെയ്യാത്ത പക്ഷം കാർഡ് പൂർണ്ണമായി റദ്ദാക്കപ്പെടും.
പിന്നീട് പുതിയ അപേക്ഷ നല്കിയാല് മുൻഗണന ഇല്ലാത്ത വെള്ള കാർഡ് മാത്രമെ ലഭിക്കൂ. അർഹരല്ലാത്തവരെ ഒഴിവാക്കി അർഹരായവർക്ക് മാത്രം സൗജന്യ റേഷൻ ഉറപ്പാക്കുകയാണ് ഈ കർശന നിയന്ത്രണങ്ങളിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത മാസം മുതല്‍ ഈ പുതിയ മാറ്റങ്ങള്‍ നിലവില്‍ വരും.