കരളിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അതില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ‘ഫാറ്റി ലിവർ’ രോഗം ഉണ്ടാകുന്നത്.
കരളിന്റെ സാധാരണ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന രീതിയില്‍ അതില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ‘ഫാറ്റി ലിവർ’ രോഗം ഉണ്ടാകുന്നത്. വ്യായാമമില്ലായ്മ, പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ഭക്ഷണക്രമവും പിന്തുടരുന്നവരുടെ എണ്ണം വർധിച്ചതോടെ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമായി ഫാറ്റി ലിവർ രോഗം മാറിയിരിക്കുന്നു. നിയന്ത്രിച്ചില്ലെങ്കില്‍, ഈ അവസ്ഥ ഗുരുതരമായ സങ്കീർണ്ണതകളിലേക്ക് നയിച്ചേക്കാം.
നോണ്‍-ആല്‍ക്കഹോളിക് സ്റ്റീറ്റോഹെപ്പറ്റൈറ്റിസ് (NASH), ലിവർ ഫൈബ്രോസിസ്, സിറോസിസ്, ചിലപ്പോള്‍ കരള്‍ ക്യാൻസർ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അതിനാല്‍, ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയേണ്ടത് അത്യന്താപേക്ഷിതമാണ്. ജീവിതശൈലിയിലുള്ള മാറ്റങ്ങളിലൂടെ കരളിനുണ്ടാകുന്ന കേടുപാടുകള്‍ തടയാനും വിവിധ കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കാനും സാധിക്കും. ഫാറ്റി ലിവർ രോഗത്തിന്റെ ചില പ്രധാന ലക്ഷണങ്ങള്‍.
അപ്രതീക്ഷിതമായി ശരീരഭാരം കൂടുന്നത്, പ്രത്യേകിച്ച് വയറിനു ചുറ്റുമായിട്ടാണെങ്കില്, അത് ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം. ഈ ഭാഗത്ത് കൊഴുപ്പ് അടിയുന്നത് കരളിന്റെ പ്രവർത്തനത്തിലുള്ള തകരാറിനെ സൂചിപ്പിക്കാം.
ഇടയ്ക്കിടെ ക്ഷീണം അനുഭവപ്പെടാറുണ്ടെങ്കിലും ആവശ്യത്തിന് വിശ്രമം ലഭിച്ചിട്ടും നിരന്തരമായ ക്ഷീണവും തളർച്ചയും അനുഭവപ്പെടുന്നത് കരള്‍ സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ഊർജ്ജ ഉപാപചയ പ്രവർത്തനങ്ങളില്‍ കരള്‍ നിർണായക പങ്ക് വഹിക്കുന്നുണ്ട്. അതിനാല്‍, കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന തകരാറുകള്‍ ക്ഷീണത്തിന് കാരണമായേക്കാം.
വയറിന്റെ മുകള്‍ഭാഗത്ത് വലതുവശത്തായി അനുഭവപ്പെടുന്ന വേദനയും വീക്കവും ഫാറ്റി ലിവർ രോഗത്തിന്റെ ലക്ഷണമാകാം. കൊഴുപ്പ് അടിഞ്ഞുകൂടി കരള്‍ വീർക്കുന്നതാണ് സാധാരണയായി ഇതിന് കാരണമാകുന്നത്. ഇത് വേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇടയാക്കും.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് പലപ്പോഴും ഇൻസുലിൻ പ്രതിരോധവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഫാറ്റി ലിവറുമായി ബന്ധപ്പെട്ട മെറ്റബോളിക് തകരാറുകളെ സൂചിപ്പിക്കാം. ഫാറ്റി ലിവർ ഉള്ളവരില്‍ ഇൻസുലിൻ പ്രതിരോധം സാധാരണയായി കണ്ടുവരുന്നുണ്ട്.
മൂത്രത്തിന്റെയും മലത്തിന്റെയും നിറത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ കരളിന്റെ പ്രവർത്തനത്തകരാറിനെ സൂചിപ്പിക്കാം. ബിലിറൂബിന്റെ അളവ് കൂടുന്നത് മൂലം മൂത്രത്തിന് കടുംനിറം ഉണ്ടാകാം. അതേസമയം, മലത്തിന് വിളറിയ നിറം കാണപ്പെടുന്നത് പിത്തരസത്തിന്റെ (bile) അഭാവം മൂലമാകാം. ഇത് കരളിന്റെ പ്രവർത്തനം തകരാറിലായതിന്റെ ലക്ഷണമാണ്.
മഞ്ഞപ്പിത്തം എന്ന് അറിയപ്പെടുന്ന, ചർമ്മത്തിലും കണ്ണുകളിലും ഉണ്ടാകുന്ന മഞ്ഞനിറം, ഗുരുതരമായ ഫാറ്റി ലിവർ രോഗത്തിന്റെ ആശങ്കാജനകമായ ഒരു ലക്ഷണമാണ്.
ഉയർന്ന കൊളസ്ട്രോളും ഫാറ്റി ലിവർ രോഗവും പലപ്പോഴും ഒരേസമയം കാണപ്പെടാറുണ്ട്. കൊളസ്ട്രോള്‍ അളവ് കൂടുന്നത് കരളിന്റെ പ്രവർത്തനത്തെ മോശമായി ബാധിക്കുകയും ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.
