വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ വിജയം കൊയ്ക് ഭരണകക്ഷികള്‍. തമിഴ്നാട്ടിലും ബംഗാളിലും പുതുച്ചേരിയിലും അസമിലുമായി അഞ്ച് നിയമസഭ മണ്ഡലങ്ങളിലും ഒരു ലോക്സഭ മണ്ഡലത്തിലുമാണ് തിരഞ്ഞെടുപ്പ് നടന്നത്.തമിഴ്നാട്ടില്‍ ടിവികെ വിജയിച്ചപ്പോള്‍ മറ്റ് മൂന്നിടങ്ങളിലും ബിജെപി വലിയ ആധിപത്യം നേടി..
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എഐഎഡിഎംകെ സ്ഥാനാർത്ഥികളായി മത്സരിച്ച് വിജയിച്ച കെ മരഗതം കുമാരവേലും പി സത്യഭാമയും രാജിവെച്ച് ടിവികെയിലേക്ക് പോയതോടെയാണ് മധുരാന്തകത്തും ധാരാപുരയിലും തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഇരുവരേയും തന്നെയാണ് ഇക്കുറിയും ടിവികെ മത്സരത്തിനിറക്കിയത്. മണ്ഡലം തിരിച്ചുപിടിക്കാൻ എഐഎഡിഎംകെയും നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ ഡിഎംകെയും കളത്തിലിറങ്ങിയതോടെ പോര് കനത്തു. ശക്തമായ പ്രചാരണമാണ് മൂന്ന് പാർട്ടികളും കാഴ്ചവെച്ചത്. ടിവികെ സ്ഥാനാർത്ഥികള്‍ക്ക് വേണ്ടി മുഖ്യമന്ത്രി വിജയ് നേരിട്ട് എത്തി പ്രചരണം നടത്തിയിരുന്നു.
അതേസമയം വോട്ടെണ്ണലിൻ്റെ ആദ്യ ഘട്ടത്തില്‍ ധാരാപുരത്ത് ടിവികെ സ്ഥാനാർത്ഥിയായ പി സത്യഭാമയും എഐഎഡിഎംകെ സ്ഥാനാർത്ഥിയും തമ്മില്‍ ഇഞ്ചോടിഞ്ചായിരുന്നു ഫലം. എന്നാല്‍ ആദ്യ കുറച്ച് റൌണ്ടുകള്‍ പൂർത്തിയാക്കിയതോടെ സത്യഭാമ ലീഡ് തിരിച്ചുപിടിച്ചു. 20 റൌണ്ട് വോട്ടെണ്ണല്‍ പൂർത്തിയാക്കിയപ്പോഴേക്കും 10,003 വോട്ടിൻ്റെ ലീഡാണ് സത്യഭാമയ്ക്ക് ലഭിച്ചത്.എന്നാല്‍ മധുരാന്തകത്ത് ടിവികെ മത്സരാർത്ഥി മരഗതം കുമാരവേലിന് തന്നെയായിരുന്നു തുടക്കം മുതല്‍ ലീഡ്. 12 റൌണ്ട് പൂർത്തിയാക്കിയപ്പോള്‍ 13,000 വോട്ടിൻ്റെ ലീഡാണ് അദ്ദേഹത്തിന് ലഭിച്ചത്.
അതിനിടെ പുതുച്ചേരിയില്‍ ഭരണകക്ഷിയും എൻഡിഎ സഖ്യകക്ഷിയുമായ അശോക് ആനന്ദാണ് വിജയിച്ചത്. തട്ടഞ്ചവാടി മണ്ഡലത്തില്‍ 8000 വോട്ടിൻ്റെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. കോണ്‍ഗ്രസ് ആണ് മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്ത്. ഇവിടെ ഡിഎംകെ മൂന്നാം സ്ഥാനത്ത് തള്ളപ്പെട്ടു.
ബംഗാളില്‍ ആധിപത്യം തുടർന്ന് ബിജെപി
പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റജിനഗർ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. നന്ദിഗ്രാമില്‍ ബിജെപി സ്ഥാനാർത്ഥി ഹസി റാണി റാത്ത് 1,22,753 വോട്ടുകളുടെ റെക്കോർഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച് കയറിയത്. ആകെ 1,64,427 വോട്ടുകളാണ് ഹസി റാണി റാത്ത് നേടിയത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി മിലൻ പ്രധാനിന് ആകെ 41,674 വോട്ടുകള്‍ മാത്രമാണ് നേടാനായത്.ഏകദേശം 70 ശതമാനത്തോളം മുസ്ലീം വോട്ടർമാരുള്ള മുർഷിദാബാദ് ജില്ലയിലെ റജിനഗറിലും ബിജെപി കൂറ്റൻ വിജയത്തിലേക്ക് അടുക്കുകയാണ്. ഇവിടെ ബിജെപി സ്ഥാനാർത്ഥിയായ ശംഖരവ് സർക്കാർ 61,386 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.
അസമിലും ബിജെപി
അസമിലെ നാഗോണ്‍ ലോക്‌സഭാ സീറ്റില്‍ വൻഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയം ഉറപ്പിച്ചിരിക്കുന്നത്. ബിജെപി സ്ഥാനാർത്ഥിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ദേബാശിഷ് ശർമ്മ 4,20,705 വോട്ടുകള്‍ നേടിയപ്പോള്‍ എഐയുഡിഎഫ് സ്ഥാനാർത്ഥിയായ അജ്മലിന് 3,10,076 വോട്ടുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാർത്ഥി ശിബാമോണി ബോറ 75,908 വോട്ടുകളോടെ മൂന്നാം സ്ഥാനത്താണ്.
