ദുബൈ: യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ മഴ തുടരുന്നു. രാജ്യത്തിന്റെ കിഴക്കൻ മേഖലകളിലും അല്‍ ഐനിലും ഷാർജയിലും സംവഹന മേഘങ്ങളുടെ സാന്നിധ്യത്തെ തുടർന്ന് ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.കല്‍ബയിലെ വാദി അല്‍ ഹെലോ സ്ട്രീറ്റ്, അല്‍ ഐനിലെ മലാക്കിത് പ്രദേശം എന്നിവിടങ്ങളില്‍ കനത്ത മഴ പെയ്യുന്നതായി സ്റ്റോം സെന്റർ അറിയിച്ചു.

ഇന്ന് രാത്രി 9 മണി വരെ നാഷണല്‍ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) സംവഹന മേഘ മുന്നറിയിപ്പ് (Convective cloud alert) നല്‍കിയിട്ടുണ്ട്. ഖോർ ഫക്കാൻ, ഫുജൈറ മുതല്‍ അല്‍ ഐൻ വരെയുള്ള കിഴക്കൻ ഭാഗങ്ങളിലും അബുദബിയുടെ തെക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലുമാണ് മുന്നറിയിപ്പ് ബാധകമായിട്ടുള്ളത്. ഫുജൈറയുടെ ചില ഭാഗങ്ങളും അല്‍ ഐനിന്റെ തെക്ക്-കിഴക്ക് പ്രദേശങ്ങളും ഉയർന്ന ജാഗ്രതയുടെ ഭാഗമായി ഓറഞ്ച് അലർട്ടിലാണ്.

ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത

കിഴക്കൻ, മധ്യ മേഖലകളിലെ പർവതനിരകളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. ഇത് ദുബൈ-അല്‍ ഐൻ റോഡ് വരെ നീളാൻ ഇടയുണ്ട്. കൊടുങ്കാറ്റിനോടൊപ്പം ആലിപ്പഴ വർഷവും ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ തുറന്ന റോഡുകളിലും മരുഭൂമിയിലും കാഴ്ചാപരിധി കുറയാൻ കാരണമായേക്കാം.

പൊതുജനങ്ങള്‍ക്കും ഡ്രൈവർമാർക്കും ജാഗ്രതാ നിർദേശം

മോശം കാലാവസ്ഥ തുടരുന്ന പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ കർശന സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്ന് എൻസിപിയും അബുദബി പൊലിസും അഭ്യർത്ഥിച്ചു.

അത്യാവശ്യമല്ലാത്ത ഘട്ടങ്ങളില്‍ വാഹനമോടിക്കുന്നത് ഒഴിവാക്കുക.യാത്ര ചെയ്യേണ്ടി വരുന്നവർ വേഗത കുറയ്ക്കുകയും മറ്റ് വാഹനങ്ങളില്‍ നിന്ന് സുരക്ഷിത അകലം പാലിക്കുകയും ചെയ്യുക.ദൃശ്യപരത കുറയുമ്പോള്‍ ലോ-ബീം ഹെഡ്ലൈറ്റുകള്‍ ഓണാക്കുക.ഒഴുകുന്ന നീർച്ചാലുകളിലേക്കോ വെള്ളക്കെട്ടുകളിലേക്കോ വാഹനങ്ങള്‍ ഓടിച്ചു കയറ്റരുത്.ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ച്‌ ചിത്രങ്ങളോ വീഡിയോകളോ എടുക്കുന്നത് ഒഴിവാക്കുക.ഔദ്യോഗിക ഉറവിടങ്ങളില്‍ നിന്നുള്ള കാലാവസ്ഥാ വിവരങ്ങള്‍ മാത്രം പിന്തുടരുക.

Leave a Reply

Your email address will not be published. Required fields are marked *