ജീവനക്കാരുടെ പാസ്പോർട്ട് കൈവശം വെക്കുന്ന തൊഴിലുടമകള്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
റെസിഡൻഷ്യല്‍ പെർമിറ്റ് അനുവദിക്കുന്നതിനോ പുതുക്കുന്നതിനോ ഉള്ള നടപടികള്‍ പൂർത്തിയായിട്ടും പാസ്പോർട്ട് തിരികെ നല്കാതിരുന്നാല് 25,000 ഖത്തർ റിയാല്‍ വരെ പിഴ ചുമത്തും. ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതമില്ലാതെ പാസ്പോർട്ട് പിടിച്ചുവെക്കുന്നത് നിയമലംഘനമാണെന്നും അധികൃതർ വ്യക്തമാക്കി.
മന്ത്രാലയം സംഘടിപ്പിച്ച വെബിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെർച്ച് ആൻഡ് ഫോളോ-അപ്പ് വിഭാഗത്തിലെ ഡിറ്റൻഷൻ സെക്ഷൻ മേധാവി മേജർ സൗദ് ഹമദ് അല്‍ ബുറൈദിയാണ് തൊഴിലുടമകള്‍ക്കുള്ള മുന്നറിയിപ്പ് നല്‍കിയത്. താമസാനുമതിയുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയായാല്‍ ജീവനക്കാരുടെ പാസ്പോർട്ട് തിരികെ നല്‍കണമെന്നാണ് നിർദേശം.
എപ്പോള്‍ പാസ്പോർട്ട് കൈവശം വെക്കാം?
ഇരുകക്ഷികളും ഒപ്പിട്ട നിയമപരമായ രേഖയുടെ അടിസ്ഥാനത്തിലോ ജീവനക്കാരന്റെ രേഖാമൂലമുള്ള സമ്മതത്തോടെയോ അല്ലാതെ തൊഴിലുടമയ്ക്ക് പാസ്പോർട്ട് കൈവശം വെക്കാൻ അവകാശമില്ല. വിസയുമായി ബന്ധപ്പെട്ട നടപടികള്‍ പൂർത്തിയായാല്‍ പാസ്പോർട്ട് ഉടൻ തിരികെ നല്‍കണം. ജീവനക്കാരുടെ യാത്രാരേഖകള്‍ അനധികൃതമായി കൈവശം വെക്കുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
പാസ്പോർട്ട് തിരികെ ലഭിച്ചില്ലെങ്കില്‍ പരാതി നല്‍കാം
തൊഴിലുടമ പാസ്പോർട്ട് തിരികെ നല്കുന്നില്ലെങ്കില് ജീവനക്കാർക്ക് ഖത്തർ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ മന്ത്രാലയത്തിന്റെ ബന്ധപ്പെട്ട ഓഫീസില്‍ നേരിട്ടെത്തിയോ പരാതി നല്‍കാം. പാസ്പോർട്ട് കൈവശം വെച്ചിരിക്കുന്ന സാഹചര്യം സംബന്ധിച്ച വിവരങ്ങളും ലഭ്യമായ രേഖകളും പരാതിക്കൊപ്പം നല്‍കുന്നത് തുടർനടപടികള്‍ക്ക് സഹായകരമാകും.
തൊഴിലുടമകള്‍ ശ്രദ്ധിക്കണം
തൊഴില്‍ കരാറുകള്‍ കൃത്യമായി രേഖപ്പെടുത്തുക, സമയബന്ധിതമായി റെസിഡൻഷ്യല്‍ പെർമിറ്റ് നടപടികള്‍ പൂർത്തിയാക്കുക, ജീവനക്കാർക്ക് അനുയോജ്യമായ താമസസൗകര്യം ഉറപ്പാക്കുക എന്നിവയും തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം ഓർമിപ്പിച്ചു. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും തൊഴില്‍ബന്ധങ്ങളില്‍ സുതാര്യത ഉറപ്പാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിയമങ്ങള്‍ കർശനമായി നടപ്പാക്കുന്നത്.ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പാസ്പോർട്ട് പ്രധാനപ്പെട്ട തിരിച്ചറിയല്‍-യാത്രാരേഖയാണ്. അതിനാല്‍ താമസാനുമതി നടപടികള്‍ പൂർത്തിയായിട്ടും പാസ്പോർട്ട് തിരികെ ലഭിക്കാത്തവർക്ക് പരാതി നല്‍കാനുള്ള മാർഗങ്ങള്‍ അറിയുന്നത് പ്രധാനമാണ്.