തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വിവിധ ജില്ലകളില്‍ മഴ തുടരും, ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളില്‍ യെല്ലോ അലർട്ട് നിലവിലുണ്ട്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഇവിടങ്ങളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റർ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മറ്റ് ജില്ലകളില്‍ ഒറ്റപ്പെട്ട നേരിയ മഴ ഉണ്ടാകും. എന്നാല്‍ ഏറ്റവും ശ്രദ്ധിക്കേണ്ടത് മിന്നലിനെയാണ്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും (11/10/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാതച്ചുഴി, ന്യൂനമർദ്ദം

മന്നാർ ഉള്‍ക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പില്‍ നിന്ന് 0.9 കിലോമീറ്റർ ഉയരത്തില്‍ ചക്രവാതച്ചുഴി തുടരുന്നു. ഈ ചക്രവാതച്ചുഴിയില്‍ നിന്ന് മധ്യവടക്കൻ മഹാരാഷ്ട്രയിലേക്ക് നീളുന്ന ന്യൂനമർദ്ദ പാത്തി ഉള്‍നാടൻ തമിഴ്‌നാട്, ഉള്‍നാടൻ കർണാടക എന്നിവിടങ്ങളിലൂടെ കടന്നുപോകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്.

മലാക്ക കടലിടുക്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴി ഒക്ടോബർ 11 ആകുമ്പോഴേക്കും ആൻഡമാൻ കടലില്‍ പ്രവേശിക്കുകയും ഒക്ടോബർ 13 ന് തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. ഇതിനെത്തുടർന്ന് കേരളത്തില്‍ ഒക്ടോബർ 10 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുണ്ട്.

ഒക്ടോബർ 10 ന് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒക്ടോബർ 10, 11തീയതികളില്‍ കേരളത്തിലും ലക്ഷദ്വീപിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40-50 കിലോമീറ്റർ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഒക്ടോബർ12-14 തീയതികളില്‍ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *