ബൗഷർ–അമറാത്ത് മലയോര പാത അടച്ചിടൽ നീട്ടി; ഓഗസ്റ്റ് 8 വരെ ഗതാഗത നിയന്ത്രണം തുടരും മസ്കറ്റ്: അറ്റകുറ്റപ്പണികളും സുരക്ഷാ മുൻകരുതൽ നടപടികളും പൂർത്തിയാകാത്ത സാഹചര്യത്തിൽ ബൗഷർ–അമറാത്ത് മലയോര പാതയായ അൽ ജബൽ സ്ട്രീറ്റ് (അഖബ അൽ അമറാത്ത്) വഴിയുള്ള ഗതാഗത നിയന്ത്രണം ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം വരെ നീട്ടിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.റോയൽ ഒമാൻ പോലീസുമായി (ROP) സഹകരിച്ചാണ് റോഡ് താൽക്കാലികമായി അടച്ചിട്ടിരിക്കുന്നത്. മലനിരകളിൽ നിന്ന് റോഡിലേക്കും സുരക്ഷാ ബാരിയറുകളിലേക്കും വീണ കല്ലുകളും പാറക്കഷണങ്ങളും സുരക്ഷിതമായി നീക്കം ചെയ്യുന്നതിനും, റോഡിന്റെ അടിസ്ഥാന സൗകര്യ വികസനവും അറ്റകുറ്റപ്പണികളും തടസ്സമില്ലാതെ പൂർത്തിയാക്കുന്നതിനുമാണ് നടപടി.ബൗഷറിൽ നിന്ന് അമറാത്ത് ഭാഗത്തേക്കുള്ള യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിയന്ത്രണമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ വാഹനമോടിക്കുന്നവർ ബദൽ പാതകൾ ഉപയോഗിക്കണമെന്നും, റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന ഗതാഗത നിർദേശങ്ങളും സുരക്ഷാ മുന്നറിയിപ്പുകളും കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *