*ഖത്തറിൽ മൃഗങ്ങളുടെ ആരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട് പുതിയ നിയമം (Law No. 12 of 2026) പ്രാബല്യത്തിൽ വന്നു; അനധികൃതമായി മൃഗങ്ങളെ അറുക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 1,00,000 ഖത്തർ റിയാൽ വരെ പിഴ*(16 Sep 2026)ഔദ്യോഗിക ഗെസറ്റിലെ 17-ാം ലക്കത്തിലാണ് പുതിയ മൃഗസംരക്ഷണ നിയമം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്: * രോഗവിവരം അറിയിക്കൽ: പാൻഡെമിക്, പകർച്ചവ്യാധികൾ അല്ലെങ്കിൽ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രോഗങ്ങൾ (zoonotic diseases) എന്നിവ ബാധിച്ചതായി സംശയിക്കുന്ന മൃഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടമകൾ 24 മണിക്കൂറിനുള്ളിൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. ഒപ്പം ഉടൻതന്നെ ഒരു വെറ്ററിനറി ഡോക്ടറെ കാണിച്ച് പരിശോധന ഉറപ്പാക്കുകയും വേണം. * ഐസൊലേഷൻ വ്യവസ്ഥകൾ: രോഗബാധയുള്ളതോ സംശയമുള്ളതോ ആയ മൃഗങ്ങളെ മന്ത്രാലയമോ അധികാരപ്പെട്ടവരോ നിർദ്ദേശിക്കുന്ന സ്ഥലങ്ങളിൽ മാറ്റിപ്പാർപ്പിക്കണം. ഈ കാലയളവിലെ ഭക്ഷണച്ചെലവുകൾ ഉടമ വഹിക്കേണ്ടതാണ്. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മൃഗങ്ങളെയോ അവയുടെ ഉൽപ്പന്നങ്ങളോ നീക്കം ചെയ്യാനോ വിൽക്കാനോ പാടില്ല. * മൃഗങ്ങളെ തിരികെ നൽകൽ: നിരീക്ഷണ കാലയളവിന് ശേഷം മൃഗം ആരോഗ്യപരമായാൽ, വിവരം ലഭിച്ച് രണ്ട് ആഴ്ചയ്ക്കകം ഉടമസ്ഥൻ അവയെ ഏറ്റെടുക്കണം. ഇല്ലെങ്കിൽ മൃഗങ്ങളെ വിൽക്കുകയും അതിൽ നിന്നുള്ള തുകയിൽ നിന്ന് ചെലവുകൾ ഈടാക്കുകയും ചെയ്യും. * വ്യാപാരത്തിനും കയറ്റുമതിക്കും വിലക്ക്: രോഗബാധയുള്ളതോ സംശയമുള്ളതോ ആയ മൃഗങ്ങൾ, അവയുടെ ഉൽപ്പന്നങ്ങൾ, അവശിഷ്ടങ്ങൾ, ജഡങ്ങൾ എന്നിവയുടെ വ്യാപാരവും മാറ്റവും കർശനമായി നിരോധിച്ചിരിക്കുന്നു. കൂടാതെ, അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ പാത്തോളജിക്കൽ സാമ്പിളുകൾ രാജ്യത്തിന് പുറത്തേക്ക് അയക്കുന്നതും ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുന്നതും കുറ്റകരമാണ്. * വിലക്കപ്പെട്ട മറ്റ് കാര്യങ്ങൾ: നിശ്ചിത സ്ഥലങ്ങളിൽ അല്ലാതെ മൃഗങ്ങളെ അറുക്കാനോ ചത്ത മൃഗങ്ങളെ സംസ്കരിക്കാനോ പാടില്ല. മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മാധ്യമങ്ങൾ വഴിയോ മറ്റ് മാർഗ്ഗങ്ങളിലൂടെയോ മൃഗങ്ങളുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടുന്നതും നിരോധിച്ചിട്ടുണ്ട്. * നഷ്ടപരിഹാര സമിതി: രോഗബാധമൂലം ചത്തൊടുങ്ങുന്നതോ അധികൃതരുടെ നിർദ്ദേശപ്രകാരം മാറ്റം വരുത്തേണ്ടി വരുന്നതോ ആയ മൃഗങ്ങളുടെ ഉടമകളുടെ അപേക്ഷകൾ പരിശോധിക്കാൻ മന്ത്രാലയത്തിന് കീഴിൽ ‘അനിമൽ ഹെൽത്ത് കോമ്പൻസേഷൻ കമ്മിറ്റി’ രൂപീകരിച്ചിട്ടുണ്ട്. * പിഴയും ശിക്ഷയും: മൃഗങ്ങൾക്ക് പകർച്ചവ്യാധികൾക്കെതിരെയുള്ള വാക്സിനേഷൻ എടുക്കാതിരിക്കുകയോ നിയമത്തിലെ പ്രധാന വകുപ്പുകൾ ലംഘിക്കുകയോ ചെയ്താൽ ഒരു വർഷം വരെ തടവോ പരമാവധി 2,00,000 ഖത്തർ റിയാൽ വരെ പിഴയോ ശിക്ഷ ലഭിക്കാം. 24 മണിക്കൂറിനുള്ളിൽ രോഗവിവരം റിപ്പോർട്ട് ചെയ്യാതിരിക്കുക, അനധികൃതമായി മൃഗങ്ങളെ അറുക്കുക തുടങ്ങിയ ലംഘനങ്ങൾക്ക് 1,00,000 ഖത്തർ റിയാൽ വരെ പിഴ ചുമത്താം. മൂന്ന് വർഷത്തിനുള്ളിൽ വീണ്ടും കുറ്റം ആവർത്തിച്ചാൽ ശിക്ഷ ഇരട്ടിയാകും.