റോഡുകളിൽ ആശങ്കയേറുന്നു_*വാഹനാപകടങ്ങളിൽ 14.8% വർധന; ക്ലെയിം തുക 25.1 ദശലക്ഷം റിയാൽ** ഒമാനില്‍ ഈ വർഷത്തിലെ രണ്ടാം പാദത്തിൽ ഇൻഷ്വറൻസ് കമ്പനികളിൽ റിപ്പോർട്ട് ചെയ്തത് 21,700ലധികം വാഹനാപകടങ്ങൾ 📍മസ്‌കത്ത് | ഒമാനിൽ ഈ വർഷത്തിലെ രണ്ടാം പാദത്തിൽ ഇൻഷ്വറൻസ് കമ്പനികളിൽ റിപ്പോർട്ട് ചെയ്തത് 21,700ലധികം വാഹനാപകടങ്ങൾ. 2025ലെ ഇതേ കാലയളവിൽ 18,900 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഇതോടെ അപകടങ്ങളുടെ എണ്ണത്തിൽ 14.8 ശതമാനം വർധന രേഖപ്പെടുത്തി.ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (എഫ് എസ് എ) പുറത്തുവിട്ട ഔദ്യോഗികവും ഓഡിറ്റ് ചെയ്യാത്തതുമായ കണക്കുകൾ പ്രകാരം, രണ്ടാം പാദത്തിലെ അപകടങ്ങളിൽ 15,850 എണ്ണം ചെറിയ അപകടങ്ങളും (73 ശതമാനം), 5,893 എണ്ണം ഗുരുതര അപകടങ്ങളുമാണ് (27 ശതമാനം).ഇക്കാലയളവിൽ ഇൻഷ്വറൻസ് ക്ലെയിമുകളുടെ എണ്ണം ഏകദേശം 22,000 ആയി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 20,500 ക്ലെയിമുകളെ അപേക്ഷിച്ച് 7.2 ശതമാനം വർധനയാണിത്. ചെറിയ അപകടങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 14,000ൽ നിന്ന് 15,800 ആയി ഉയർന്നു.അതേസമയം, വസ്തുനാശം സംഭവിച്ച ഗുരുതര അപകടങ്ങളുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 3,300ൽ നിന്ന് 2,900 ആയി കുറഞ്ഞു (11.9 ശതമാനം). പരുക്കുകളും ചികിത്സാചെലവുകളും ഉൾപ്പെടുന്ന ഗുരുതര അപകട ക്ലെയിമുകൾ 3,100ൽ നിന്ന് 3,200 ആയി ഉയർന്നു. മരണവുമായി ബന്ധപ്പെട്ട ക്ലെയിമുകൾ 83ൽ നിന്ന് 80 ആയി കുറഞ്ഞു.പരിഹാരം നൽകിയതും റിപ്പോർട്ട് ചെയ്തിട്ടും തീർപ്പാകാത്തതുമായ ക്ലെയിമുകൾ ഉൾപ്പെടെ, രണ്ടാം പാദത്തിലെ മൊത്തം ക്ലെയിം തുക 25.1 ദശലക്ഷം ഒമാനി റിയാൽ ആയി. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനയാണിത്. ഇതിൽ ചെറിയ അപകടങ്ങൾക്ക് 12.48 ദശലക്ഷം റിയാലും, വസ്തുനാശം മാത്രമുള്ള ഗുരുതര അപകടങ്ങൾക്ക് 5.3 ദശലക്ഷം റിയാലും, പരുക്കുകളും ചികിത്സാചെലവുകളും ഉൾപ്പെടുന്ന അപകടങ്ങൾക്ക് 6.2 ദശലക്ഷം റിയാലും ചെലവായി. മരണവുമായി ബന്ധപ്പെട്ട ക്ലെയിമുകളുടെ മൂല്യം ഏകദേശം ഒരു ദശലക്ഷം റിയാൽ ആണ്.അപകടങ്ങളുടെ എണ്ണം, ഇൻഷ്വറൻസ് ക്ലെയിമുകളുടെ എണ്ണം, ക്ലെയിം തുക എന്നിവയിൽ ഒരേസമയം വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. ചെറിയ അപകടങ്ങളുടെയും പരുക്കുകളും ചികിത്സാചെലവുകളും ഉൾപ്പെടുന്ന അപകടങ്ങളുടെയും ക്ലെയിമുകൾ ഉയർന്നപ്പോൾ, വസ്തുനാശം മാത്രമുള്ള ഗുരുതര അപകടങ്ങളുടെയും മരണങ്ങളുടെയും ക്ലെയിമുകൾ കുറഞ്ഞു.റോഡ് സുരക്ഷാ നടപടികൾ കൂടുതൽ ശക്തമാക്കേണ്ടതിന്റെയും സുരക്ഷിതമായ ഡ്രൈവിംഗ് ശീലം വളർത്തുന്നതിന്റെയും ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കുന്നതിന്റെയും പ്രാധാന്യമാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്.വാഹനാപകടങ്ങള്‍ക്ക് വിവിധ കാരണങ്ങളാണ് പറയുന്നത്. വാഹനങ്ങൾക്കിടയിൽ നിശ്ചിത അകലം ഇല്ലാതെയുള്ള യാത്ര ഗതാഗത നിയമ ലംഘനമാണ്. പെട്ടന്നുണ്ടാകുന്ന അപകടങ്ങളിൽ നിരവധി വാഹനങ്ങൾ അകപ്പെടാൻ ഇത് കാരണമാവുകയും ചെയ്യുന്നു. ഡ്രൈവ് ചെയ്യുമ്പോൾ വാഹനത്തിന്റെ അവസ്ഥ, കാലാവസ്ഥ, ഡ്രൈവറുടെ ശാരീരികവും വൈകാരികവുമായ അവസ്ഥ തുടങ്ങിയ ഘടകങ്ങൾ പരിഗണിക്കണം. വാഹനമോടിക്കുമ്പോൾ ഭക്ഷണം കഴിക്കുന്ന ശീലവും നല്ലതല്ല.വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടം വളിച്ചുവരുത്തും. കൂട്ടിയിടികൾ ഒഴിവാക്കുന്നതിന് റൗണ്ട് എബൗട്ടുകളിലേക്കോ റോഡ് ജംഗ്ഷനുകളിലേക്കോ അടുക്കുമ്പോൾ റോഡ് ഉപയോക്താക്കൾ ജാഗ്രത പാലിക്കണമെന്നും വാഹനങ്ങളുടെ നിയന്ത്രണം ഉറപ്പാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.അപകടങ്ങൾ ഒഴിവാക്കാൻ വാഹനങ്ങളിൽ പതിവായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതാണ്. റേഡിയേറ്റർ ജലനിരപ്പ് നിരീക്ഷിക്കുക, മുഴുവൻ കൂളിംഗ് സിസ്റ്റവും പരിശോധിക്കൽ, എൻജിൻ ഓയിൽ പരിശോധിക്കൽ, ടയറിൽ വേണ്ടത്ര കാറ്റുണ്ടോ എന്നുറപ്പാക്കൽ, ബ്രേക്ക് സിസ്റ്റം പരിശോധിക്കൽ, വാഹനത്തിന്റെ താപനില നിരീക്ഷിക്കൽ, എൻജിന്റെയും കൂളിംഗ് ഫാനുകളുടെയും പ്രവർത്തനക്ഷമത സ്ഥിരീകരിക്കൽ, സുരക്ഷയുടെ സാന്നിധ്യം ഉറപ്പാക്കൽ എന്നിവ ഇതിൽ പ്രധാനമായും ഉൾപ്പെടുന്നു

Leave a Reply

Your email address will not be published. Required fields are marked *