സ്‌കൂളുകൾക്ക് സമീപം ഗതാഗത നിയന്ത്രണം ശക്തമാക്കി ആർ.ഒ.പിമസ്‌കത്ത്: പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി രാജ്യത്തെ സ്‌കൂൾ മേഖലകളിൽ ഗതാഗത നിയന്ത്രണം ശക്തമാക്കി റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി.). വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനുമായി പ്രത്യേക ട്രാഫിക് നിയന്ത്രണ പദ്ധതിയാണ് നടപ്പാക്കുന്നത്.രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ സ്‌കൂളുകൾക്ക് സമീപം ട്രാഫിക് ഡയറക്ടറേറ്റിന്റെ ഫീൽഡ് സാന്നിധ്യം ശക്തമാക്കും. വാഹന ഗതാഗതം നിയന്ത്രിക്കുക, ഗതാഗതക്കുരുക്ക് കുറയ്ക്കുക, നിയമലംഘനങ്ങൾ നിരീക്ഷിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ.വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തി കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന മേഖലകൾ കണ്ടെത്തി അവിടങ്ങളിൽ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ട്രാഫിക് ഡയറക്ടറേറ്റ് ജനറൽ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ സ്റ്റാഫ് കേണൽ സലിം ബിൻ മുഹമ്മദ് അൽ ഹറാസി അറിയിച്ചു.അമിതവേഗം, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അപകടകരമായ ഓവർടേക്കിംഗ്, കാൽനടയാത്രക്കാർക്ക് മുൻഗണന നൽകാതിരിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ ഗുരുതര അപകടങ്ങൾക്ക് കാരണമാകാമെന്ന് ആർ.ഒ.പി. മുന്നറിയിപ്പ് നൽകി.സ്‌കൂൾ ഗേറ്റുകൾക്കും കാൽനട ക്രോസിംഗുകൾക്കും മുന്നിൽ വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യരുതെന്നും അധികൃതർ നിർദേശിച്ചു. ഇത്തരം പാർക്കിംഗ് വിദ്യാർഥികളുടെയും സ്‌കൂൾ ബസുകളുടെയും യാത്രയ്ക്ക് തടസ്സമാകുന്നതായി പൊലീസ് ചൂണ്ടിക്കാട്ടി.സ്‌കൂൾ ബസുകളുടെ സുരക്ഷയിലും പ്രത്യേക ശ്രദ്ധ നൽകണമെന്ന് ആർ.ഒ.പി. ആവശ്യപ്പെട്ടു. അനുവദനീയമായ യാത്രക്കാരുടെ എണ്ണം പാലിക്കുക, വിദ്യാർഥികൾ സുരക്ഷിതമായി ഇറങ്ങിയെന്ന് ഉറപ്പാക്കിയശേഷം മാത്രം ബസ് നീക്കുക, ഓരോ യാത്രയ്ക്കും ശേഷം ബസ് പൂർണമായും ഒഴിഞ്ഞിട്ടുണ്ടെന്ന് പരിശോധിക്കുക തുടങ്ങിയ നിർദേശങ്ങൾ ഡ്രൈവർമാർ പാലിക്കണം.വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി എല്ലാ റോഡ് ഉപയോക്താക്കളും ഗതാഗത നിയമങ്ങൾ കർശനമായി പാലിക്കണമെന്നും സ്‌കൂൾ പരിസരങ്ങളിൽ സുരക്ഷിതമായ അന്തരീക്ഷം ഉറപ്പാക്കാൻ സമൂഹത്തിന്റെ കൂട്ടായ സഹകരണം അനിവാര്യമാണെന്നും ആർ.ഒ.പി. അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *