അനുമതിയില്ലാതെ റോഡുകളിൽ സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കരുതെന്ന് പൊതുജനങ്ങളോട് നിർദേശം നൽകി മസ്കത്ത് മുനിസിപ്പാലിറ്റി ഇത്തരം സംവിധാനങ്ങൾ ഔദ്യോഗികമായി അംഗീകരിച്ച സുരക്ഷാ, സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സ്ഥാപിക്കേണ്ടതെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.സ്പീഡ് ബ്രേക്കറുകൾക്ക് അംഗീകരിച്ച അളവുകളും സാങ്കേതിക സവിശേഷതകളും നിർബന്ധമാണ്. സ്പീഡ് ബ്രേക്കറിന് മുന്നിൽ മുന്നറിയിപ്പ്, ദിശാസൂചന ബോർഡുകൾ സ്ഥാപിക്കണമെന്നും വ്യക്തമായ ദൃശ്യത ഉറപ്പാക്കുന്നതിനായി അംഗീകരിച്ച നിറങ്ങളിലുള്ള റിഫ്ലക്ടീവ് പെയിന്റ് ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു.ഓരോ സ്പീഡ് ബ്രേക്കറും സ്ഥാപിക്കുന്ന സ്ഥലം ഗതാഗതത്തിരക്കും പ്രദേശത്തിന്റെ ആവശ്യകതകളും വിലയിരുത്തിയ ശേഷമാണ് അംഗീകരിക്കേണ്ടത്. ബന്ധപ്പെട്ട അധികാരികളുമായി ഏകോപനം നടത്തിയ ശേഷമേ നിർമാണം നടത്താവൂ. റോഡ് ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് നടപടിക്രമങ്ങൾ പാലിക്കുകയും അനധികൃതമായി സ്പീഡ് ബ്രേക്കറുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്നും മുനിസിപ്പാലിറ്റി വ്യക്തമാക്കി.