സർക്കാർ ഭൂമി കൈയേറ്റത്തിനെതിരെ കർശന നടപടി; ആമിറാത്തിൽ കോടതി ഉത്തരവ് നടപ്പാക്കിമസ്കത്ത്: ആമിറാത്ത് വിലായത്തിൽ സർക്കാർ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയ സംഭവങ്ങളുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകൾ മസ്കത്ത് മുനിസിപ്പാലിറ്റി നടപ്പാക്കി. പബ്ലിക് പ്രോസിക്യൂഷനുമായി സഹകരിച്ചും റോയൽ ഒമാൻ പൊലീസിന്റെ പിന്തുണയോടെയുമാണ് നടപടി സ്വീകരിച്ചത്.നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പ്ലോട്ടുകൾ കൈയേറിയതായി കണ്ടെത്തിയതിനെ തുടർന്നാണ് അധികൃതർ നടപടിയിലേക്ക് കടന്നത്.സർക്കാർ ഭൂമിയിലേക്കുള്ള ഏതുതരത്തിലുള്ള അനധികൃത കൈയേറ്റവും അനുവദിക്കില്ലെന്ന നിലപാടാണ് മുനിസിപ്പാലിറ്റി സ്വീകരിച്ചിരിക്കുന്നത്. പൊതുസ്വത്ത് സംരക്ഷിക്കുന്നതിനും നിയമലംഘനങ്ങൾ തടയുന്നതിനുമായി പരിശോധനകളും നടപടികളും കൂടുതൽ ശക്തമാക്കുമെന്നും അധികൃതർ വ്യക്തമാക്കി.തങ്ങളുടെ അധികാരപരിധിക്കുള്ളിൽ നടക്കുന്ന നിയമലംഘനങ്ങൾ നിരന്തരമായി നിരീക്ഷിക്കുമെന്നും കണ്ടെത്തുന്ന കേസുകളിൽ ആവശ്യമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്നും മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.