ജൂലൈ–ആഗസ്റ്റ് വേനലവധി വേണം; ഇന്ത്യൻ എംബസിക്ക് രക്ഷിതാക്കളുടെ നിവേദനംമസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ വേനലവധി ജൂലൈ–ആഗസ്റ്റ് മാസങ്ങളിലേക്ക് മാറ്റുകയും വെട്ടിക്കുറച്ച വേനലവധി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് രക്ഷിതാക്കളുടെ പ്രതിനിധി സംഘം ഇന്ത്യൻ എംബസിക്ക് നിവേദനം നൽകി. നിലവിലെ അക്കാദമിക് കലണ്ടർ വിദ്യാർഥികളുടെയും കുടുംബങ്ങളുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്നും പഠനത്തിന്റെ തുടർച്ചയെയും യാത്രാ പദ്ധതികളെയും ബാധിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.വിദ്യാർഥികളെയും രക്ഷിതാക്കളെയും ബാധിക്കുന്ന ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് മുമ്പ് ബന്ധപ്പെട്ടവരുമായി കൂടിയാലോചന നടത്തണമെന്നും വിഷയത്തിൽ ഇന്ത്യൻ എംബസി ഇടപെട്ട് അനുകൂലമായ പരിഹാരം കണ്ടെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും നിവേദക സംഘം അറിയിച്ചു.