ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, പവര്‍ ഗ്രിഡ് നിക്ഷേപങ്ങള്‍, പ്രതിരോധ ചെലവുകള്‍ എന്നിവ വര്‍ധിക്കുന്നതോടെ ചെമ്പിനുള്ള ആവശ്യം ഏറുകയാണ്.

തല്‍ഫലമായി, സര്‍ക്കാരുകള്‍ക്കും വ്യവസായങ്ങള്‍ക്കും ചെമ്പ് കൂടുതല്‍ തന്ത്രപ്രധാനമായ ഒന്നായി മാറിക്കൊണ്ടിരിക്കുകയാണെന്ന് നിക്ഷേപകര്‍ അഭിപ്രായപ്പെടുന്നു. ഇലക്‌ട്രോണിക്‌സ്, നിര്‍മ്മാണം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ ഒഴിച്ചുകൂടാനാവാത്ത ഘടകമാണ് ചെമ്പ്.

സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ ഒരു സൂചകമായും ഇതിനെ കണക്കാക്കാറുണ്ട്. വിശ്വസനീയമായ വിതരണശൃംഖല ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചതോടെ, ഈ വര്‍ഷം സ്വര്‍ണത്തേക്കാള്‍ മികച്ച പ്രകടനമാണ് ചെമ്പ് കാഴ്ചവെച്ചത്. ഈ വര്‍ഷം ഇതുവരെ ചെമ്പിന്റെ വിലയില്‍ 15.8% വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 12 മാസത്തിനിടെയാകട്ടെ 30 ശതമാനത്തിലധികം വര്‍ധനവും രേഖപ്പെടുത്തി.

അതേസമയം, സ്വര്‍ണ ഫ്യൂച്ചറുകളുടെ വിലയില്‍ ഈ വര്‍ഷം ഇതുവരെ 4.11% ഇടിവും, കഴിഞ്ഞ 12 മാസത്തിനിടെ 4.52% ഇടിവും ഉണ്ടായിട്ടുണ്ട്. സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ കഴിഞ്ഞ 12 മാസത്തിനിടെ 4.89 ശതമാനവും, ഈ വര്‍ഷം ഇതുവരെ 4 ശതമാനവും കുറവുമുണ്ടായി. ദേശീയ സുരക്ഷ, സാമ്പത്തിക വളര്‍ച്ച, സാങ്കേതിക അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയ്ക്കായി വിവിധ രാജ്യങ്ങളും മേഖലകളും വ്യവസായങ്ങളും ചെമ്പിന്റെ ലഭ്യത ഉറപ്പാക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഐവാന്‍ഹോ ഇലക്‌ട്രിക് സിഇഒ ടെയ്ലര്‍ മെല്‍വിന്‍ പറഞ്ഞു.

ഈ മാറ്റം ചെമ്പിന്റെ വിലയെ താങ്ങിനിര്‍ത്താന്‍ സഹായിച്ചിട്ടുണ്ട്. ‘ആഗോളതലത്തിലും, പ്രത്യേകിച്ച്‌ അമേരിക്കയിലും ചെമ്പ് ഖനന മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ഇതൊരു മികച്ച സമയമാണ്,’ മെല്‍വിന്‍ പറഞ്ഞു. അരിസോണ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ ഖനന-പര്യവേക്ഷണ കമ്പനി ചെമ്പ്, സ്വര്‍ണം, വെള്ളി, നിക്കല്‍, കൊബാള്‍ട്ട് എന്നിവയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

‘നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അത്തരമൊരു ലോകത്താണ്. നിര്‍ണായക ലോഹങ്ങള്‍ എന്ന് നമ്മള്‍ വിളിച്ചിരുന്നവ, ഇപ്പോള്‍ എല്ലാ അര്‍ത്ഥത്തിലും തന്ത്രപ്രധാനമായ ലോഹങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ്,’ മെല്‍വിന്‍ പറഞ്ഞു. ചെമ്പ് വിപണിയിലെ സമീപകാല അസ്ഥിരതകളെ അതിജീവിക്കുമെന്ന് മെല്‍വിന്‍ അഭിപ്രായപ്പെടുന്നു. ഓഹരി വിപണിയിലെ വികാരങ്ങളില്‍ മാറ്റം വരാം.

അതേസമയം തന്നെ ആ വ്യവസായങ്ങള്‍ വളര്‍ന്നുകൊണ്ടിരിക്കുകയും, ചെമ്പിനായുള്ള അധിക ആവശ്യകത സൃഷ്ടിക്കുകയും ചെയ്‌തേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശുദ്ധീകരിച്ച ചെമ്പിന്മേല്‍ അമേരിക്ക തീരുവ ചുമത്തുമോ എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വവും വിപണിയിലെ ഈ മുന്നേറ്റത്തിന് കാരണമായിട്ടുണ്ട്. 2027 ജനുവരി 1 മുതല്‍ 15% തീരുവ ഏര്‍പ്പെടുത്തണമെന്ന് വാണിജ്യ വകുപ്പ് ശുപാര്‍ശ ചെയ്തിരുന്നു.

എങ്കിലും, ഇക്കാര്യത്തില്‍ അന്തിമ തീരുമാനമൊന്നും ഇതുവരെ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല. ‘ലോകത്തിലെ ചെമ്പ് ശേഖരത്തിന്റെ വലിയൊരു ഭാഗം ഇപ്പോള്‍ അമേരിക്കയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഈ ശേഖരം വിപണിയുടെ മറ്റ് ഭാഗങ്ങള്‍ക്ക് ലഭ്യമാകുമോ എന്നത് വ്യക്തമല്ല,’ അബെര്‍ഡീന്‍ ഇന്‍വെസ്റ്റ്മെന്റ്സിലെ സീനിയര്‍ ഇന്‍വെസ്റ്റ്മെന്റ് ഡയറക്ടറും അബര്‍ഡ്ന്‍ ഫ്യൂച്ചര്‍ മിനറല്‍സ് ഫണ്ടിന്റെ സഹ-മാനേജരുമായ ഇയാന്‍ പൈല്‍ പറഞ്ഞു.

അതേസമയം, ചൈനയിലെ ചെമ്പ് ശേഖരം വളരെ കുറവാണെന്നും അവിടെ പ്രീമിയങ്ങള്‍ വര്‍ധിച്ചുവരികയാണെന്നും കാണാം. ചെമ്പിന് ഉയര്‍ന്ന വില തുടര്‍ച്ചയായി ലഭിക്കുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള പ്രോത്സാഹനം ലഭിക്കുകയുള്ളൂ എന്ന് പൈല്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *