Oplus_16908288

ടെഹ്റാന്‍: പശ്ചിമേഷ്യയില്‍ യു.എസ് – ഇറാന്‍ സൈനിക വിന്യാസവും യുദ്ധഭീതിയും കൊടുമ്പിരി കൊള്ളുമ്പോഴും, പെട്രോളിയം വിപണിയെ ഞെട്ടിച്ചുകൊണ്ട് ഒമാന്‍ ഉള്‍ക്കടലില്‍ വന്‍ അടിയന്തര എണ്ണക്കൈമാറ്റം.

അന്താരാഷ്ട്ര ഉപരോധങ്ങളെയും സൈനിക ഭീഷണികളെയും കാറ്റില്‍പ്പറത്തി, ഒമാന്‍ ഉള്‍ക്കടലില്‍ വെച്ച്‌ മാത്രം ഇതുവരെ 2.4 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് വിവിധ കപ്പലുകളില്‍ നിന്ന് മറ്റ് കപ്പലുകളിലേക്ക് മാറ്റിയിരിക്കുന്നത്. ആഗോള മറൈന്‍ ട്രാക്കിങ് ഏജന്‍സിയായ ‘ടാങ്കര്‍ ട്രാക്കേഴ്സ്’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ലോകത്തെ ഞെട്ടിച്ച ഈ വിവരങ്ങളുള്ളത്.

എണ്ണ, എല്‍.എന്‍.ജി, എല്‍.പി.ജി എന്നിവയുടെ വിതരണം ഒരുവിധത്തിലും തടസ്സപ്പെടാതിരിക്കാന്‍ പടുകൂറ്റന്‍ 17 ഓളം ടാങ്കര്‍ കപ്പലുകളാണ് കടലില്‍ വെച്ച്‌ നേരിട്ട് ചരക്ക് കൈമാറ്റം നടത്തിയിരിക്കുന്നത്. മേഖലയില്‍ സംഘര്‍ഷം അതിരൂക്ഷമായതോടെ കൂടുതല്‍ എണ്ണക്കപ്പലുകള്‍ ഇത്തരത്തില്‍ ഉള്‍ക്കടലില്‍ കൂട്ടത്തോടെ കാത്തുകിടക്കുകയാണെന്നും, എന്നാല്‍ കപ്പലുകള്‍ നിര്‍ത്താന്‍ പോലും സ്ഥലം തികയാത്ത വിധം ഇവിടെ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇടതടവില്ലാതെ ഇരുപത്തിനാല് മണിക്കൂറും തുറമുഖ സേവനങ്ങളും സജീവമാണ്.

അതിനിടെ, യു.എസ്. സെന്‍ട്രല്‍ കമാന്‍ഡിന്റെ കടുത്ത സുരക്ഷാ അകമ്പടിയോടെ ഹുര്‍മുസ് കടലിടുക്ക് കടക്കാന്‍ കൂടുതല്‍ കപ്പലുകള്‍ നിരന്നുനില്‍ക്കുകയാണ്. 72.5 ലക്ഷത്തിലധികം ബാരല്‍ എണ്ണയുമായി നില്‍ക്കുന്ന കൂറ്റന്‍ ടാങ്കറുകളും രണ്ട് എല്‍.എന്‍.ജി പടക്കപ്പലുകളുമാണ് അമേരിക്കന്‍ യുദ്ധക്കപ്പലുകളുടെ കവചത്തില്‍ നീങ്ങാന്‍ സജ്ജമായിരിക്കുന്നത്.

ലോകത്തിന്റെ ജീവനാഡിയായ സമുദ്ര എണ്ണക്കടത്തിന്റെ സിംഹഭാഗവും നടക്കുന്ന തന്ത്രപ്രധാനമായ ഹുര്‍മുസ് കടലിടുക്കില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി യുദ്ധസമാനമായ അന്തരീക്ഷമാണ് നിലനില്‍ക്കുന്നത്. ഇറാനിയന്‍ റവല്യൂഷണറി ഗാര്‍ഡിന്റെ ഭീഷണിയും കടലിലെ മൈന്‍ പ്രയോഗങ്ങളും കാരണം പാത അപകടത്തിലായതോടെയാണ് സഖ്യകക്ഷികളുടെ എണ്ണക്കപ്പലുകള്‍ക്ക് സംരക്ഷണം നല്‍കാന്‍ അമേരിക്ക സ്വന്തം പടക്കപ്പലുകളെ നേരിട്ട് ഇറക്കിയത്.

അമേരിക്കന്‍ സൈന്യത്തിന്റെ കടുത്ത സാന്നിധ്യവും ഇറാന്റെ കടുത്ത മുന്നറിയിപ്പുകളും ആഗോള സമുദ്ര വ്യാപാരത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോഴാണ്, ഇതിനെയെല്ലാം മറികടക്കാന്‍ എണ്ണ കമ്പനികള്‍ ‘ഷിപ്പ്-ടു-ഷിപ്പ്’ ട്രാന്‍സ്ഫര്‍ എന്ന ഈ തന്ത്രം ഉപയോഗിക്കുന്നത്. ട്രംപ് ഭരണകൂടം ഇറാനെതിരെ സൈനിക നടപടികള്‍ കടുപ്പിക്കുന്ന സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ ഒമാന്‍ ഉള്‍ക്കടല്‍ കൂടുതല്‍ പുകയുമെന്നും എണ്ണക്കൈമാറ്റം ഇനിയും കുതിച്ചുയരുമെന്നുമാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *