GCC ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ; ആറ് ഗൾഫ് രാജ്യങ്ങളിലും ഒറ്റ വിസയിൽ യാത്രഅതിർത്തി നടപടികൾ ലളിതമാക്കും; GCC പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്പോർട്ട് പരിശോധനഒമാൻ ഉൾപ്പെടെ ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒറ്റ വിസയിൽ യാത്ര ചെയ്യാൻ വിദേശ സന്ദർശകർക്ക് അവസരമൊരുക്കുന്ന GCC ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് GCC സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി അറിയിച്ചു.ദുബൈയിൽ നടന്ന AIM നിക്ഷേപ ഉച്ചകോടിക്കിടെയാണ് അദ്ദേഹം പദ്ധതിയുടെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്.ഒമാൻ, യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ എന്നീ ആറ് രാജ്യങ്ങളാണ് ഏകീകൃത ടൂറിസ്റ്റ് വിസ പദ്ധതിയിൽ ഉൾപ്പെടുന്നത്. പദ്ധതി നിലവിൽ വരുന്നതോടെ ഓരോ രാജ്യത്തേക്കും പ്രത്യേകം ടൂറിസ്റ്റ് വിസ നേടേണ്ട സാഹചര്യം വിദേശ സന്ദർശകർക്ക് ഒഴിവാകും.മേഖലയിലെ വിനോദസഞ്ചാരം, വ്യോമയാനം, ഗതാഗതം, ലോജിസ്റ്റിക്സ്, വ്യാപാരം തുടങ്ങിയ മേഖലകൾക്ക് പദ്ധതി കൂടുതൽ ഉണർവ് നൽകുമെന്നാണ് വിലയിരുത്തൽ.അതേസമയം, ഏകീകൃത ടൂറിസ്റ്റ് വിസയും യുഎഇ–ബഹ്റൈൻ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഏകകേന്ദ്ര യാത്രാ സംവിധാനവും രണ്ട് വ്യത്യസ്ത പദ്ധതികളാണെന്ന് അൽ ബുദൈവി വ്യക്തമാക്കി.ഏകകേന്ദ്ര യാത്രാ സംവിധാനത്തിന്റെ ഭാഗമായി GCC പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്പോർട്ട് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കാനാകും. തുടർന്ന് ലക്ഷ്യസ്ഥാനത്തെ വിമാനത്താവളത്തിലെത്തുമ്പോൾ വീണ്ടും എമിഗ്രേഷൻ കൗണ്ടറിൽ കാത്തുനിൽക്കാതെ നേരിട്ട് പ്രവേശിക്കാനുള്ള സൗകര്യമാണ് ലക്ഷ്യമിടുന്നത്.വിദേശ സന്ദർശകരെയാണ് ഏകീകൃത ടൂറിസ്റ്റ് വിസ പ്രധാനമായും ലക്ഷ്യമിടുന്നത്. GCC പൗരന്മാരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനാണ് ഏകകേന്ദ്ര യാത്രാ സംവിധാനം.പുതിയ ടൂറിസ്റ്റ് വിസയുടെ പ്രാബല്യ തീയതി, ഫീസ്, പരമാവധി താമസ കാലാവധി, അപേക്ഷാ മാനദണ്ഡങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.