ജി സി സി പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്‌പോർട്ട് പരിശോധന📍മസ്‌കത്ത് | ഒമാന്‍ ഉൾപ്പെടെയുള്ള ആറ് ഗൾഫ് രാജ്യങ്ങളിലേക്കും ഒരൊറ്റ വിസ ഉപയോഗിച്ച് സഞ്ചരിക്കാൻ സൗകര്യമൊരുക്കുന്ന ഏകീകൃത ജി സി സി ടൂറിസ്റ്റ് വിസ പദ്ധതി ഉടൻ യാഥാർഥ്യമാകുമെന്ന് ജി സി സി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വ്യക്തമാക്കി. ദുബൈയിൽ നടന്ന എയിം നിക്ഷേപ ഉച്ചകോടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.🇴🇲ഒമാൻ, 🇦🇪യു എ ഇ, 🇸🇦സഊദി അറേബ്യ, 🇰🇼കുവൈത്ത്, 🇶🇦ഖത്വർ, 🇧🇭ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്നതാണ് ഈ സുപ്രധാന പദ്ധതി. ഇതോടെ വിദേശ സന്ദർശകർക്ക് ഓരോ ഗൾഫ് രാജ്യങ്ങളിലേക്കും വെവ്വേറെ വിസകൾ എടുക്കേണ്ട സാഹചര്യം ഒഴിവാകും. മേഖലയിലെ വിനോദസഞ്ചാരം, ഗതാഗതം, വ്യോമയാനം, ലോജിസ്റ്റിക്സ്, വാണിജ്യ ബന്ധങ്ങൾ എന്നിവയ്ക്ക് വലിയ കരുത്തുപകരുന്ന നാഴികക്കല്ലായാണ് ഇതിനെ വിലയിരുത്തുന്നത്.അതേസമയം, ഏകീകൃത ടൂറിസ്റ്റ് വിസയും യു എ ഇ–ബഹ്റൈൻ സംയുക്തമായി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന ഏകകേന്ദ്ര യാത്രാ സംവിധാനവും വ്യത്യസ്ത പദ്ധതികളാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏകകേന്ദ്ര സംവിധാനത്തിൽ ജി സി സി പൗരന്മാർക്ക് പുറപ്പെടുന്ന വിമാനത്താവളത്തിൽ തന്നെ പാസ്‌പോർട്ട് പരിശോധനകൾ പൂർത്തിയാക്കാനും, നഗരങ്ങളിൽ എത്തുമ്പോൾ വീണ്ടും എമിഗ്രേഷൻ കൗണ്ടറുകളിൽ നിൽക്കാതെ നേരിട്ട് പ്രവേശിക്കാനും സാധിക്കും. ഏകീകൃത ടൂറിസ്റ്റ് വിസ വിദേശ സന്ദർശകരെ ലക്ഷ്യമിട്ടുള്ളതാണെങ്കിൽ, ഏകകേന്ദ്ര സംവിധാനം ജി സി സി പൗരന്മാരുടെ സഞ്ചാരം കൂടുതൽ എളുപ്പമാക്കാനുള്ളതാണ്. പുതിയ ഏകീകൃത ടൂറിസ്റ്റ് വിസ പ്രാബല്യത്തിൽ വരുന്ന തീയതി, വിസ ഫീസ്, താമസിക്കാവുന്ന പരമാവധി കാലാവധി, അപേക്ഷിക്കാനുള്ള മാനദണ്ഡങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വരും ദിവസങ്ങളിൽ ഔദ്യോഗികമായി പ്രഖ്യാപിക്കും.