റൂട്ടുകൾ സ്വയം കണ്ടെത്തി സുരക്ഷിത യാത്ര; ഖത്തറിൽ ഡ്രൈവറില്ലാ വാഹനങ്ങൾ ഉടൻദോഹ: ഖത്തറിൽ ഡ്രൈവറില്ലാതെ സഞ്ചരിക്കുന്ന സ്വയംനിയന്ത്രിത റോബോടാക്സി സേവനം ഉടൻ യാഥാർഥ്യമാകുന്നു. രാജ്യത്തിന്റെ സ്മാർട്ട് ഗതാഗത പദ്ധതിയുടെ ഭാഗമായി പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയതോടെ അടുത്ത ഘട്ടത്തിൽ സുരക്ഷാ ഡ്രൈവറില്ലാത്ത വാഹനങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കൃത്രിമബുദ്ധി, ലിഡാർ, റഡാർ, ഹൈ-റെസലൂഷൻ ക്യാമറകൾ എന്നിവയുടെ സഹായത്തോടെ വാഹനങ്ങൾക്ക് റൂട്ടുകൾ കൃത്യമായി കണ്ടെത്താനും ചുറ്റുമുള്ള മാറ്റങ്ങൾ തത്സമയം മനസ്സിലാക്കി മനുഷ്യന്റെ ഇടപെടലില്ലാതെ സുരക്ഷിതമായ തീരുമാനങ്ങളെടുക്കാനും കഴിയും. റോഡിലെ മറ്റ് വാഹനങ്ങൾ, കാൽനടയാത്രക്കാർ, ട്രാഫിക് സിഗ്നലുകൾ, അപ്രതീക്ഷിത തടസ്സങ്ങൾ എന്നിവയെ തിരിച്ചറിഞ്ഞ് വേഗതയും ദിശയും വാഹനം സ്വയം നിയന്ത്രിക്കും. ഖത്തർ ഗതാഗത മന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിൽ സുരക്ഷാ ഉദ്യോഗസ്ഥനോടൊപ്പം ആയിരക്കണക്കിന് വിജയകരമായ യാത്രകൾ പൂർത്തിയാക്കിയിരുന്നു. അടുത്ത ഘട്ടത്തിൽ വാഹനങ്ങൾ സുരക്ഷാ ഡ്രൈവറില്ലാതെ തെരഞ്ഞെടുത്ത റൂട്ടുകളിൽ സർവീസ് നടത്തും. എല്ലാ സുരക്ഷാ പരിശോധനകളും പൂർത്തിയായ ശേഷം സേവനം പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *