ഖത്തറിൽ പൊതുസ്ഥലങ്ങളിൽ QID കൈവശം വയ്ക്കണം; വ്യാജ പൊലീസുകാരെ സൂക്ഷിക്കുകദോഹ: പൊതുസ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരും താമസക്കാരും സാധുവായ ഖത്തർ ഐഡി (QID) ഒറിജിനലോ ഡിജിറ്റൽ പകർപ്പോ കൈവശം കരുതണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം (MoI) നിർദേശിച്ചു. പൊലീസാണെന്ന് അവകാശപ്പെട്ട് സമീപിക്കുന്ന വ്യാജ ഉദ്യോഗസ്ഥരെയും സൂക്ഷിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.അൽ ഫസാൻ പൊലീസിന്റെയും സെൻട്രൽ ഓപ്പറേഷൻസ് വകുപ്പിന്റെയും പ്രവർത്തനങ്ങളെക്കുറിച്ച് ബുധനാഴ്ച നടന്ന വെബിനാറിലാണ് ലെഫ്റ്റനന്റ് അബ്ദുൽറഹ്മാൻ അബ്ദുള്ള അൽ മർരി ഇക്കാര്യം വ്യക്തമാക്കിയത്.അപകടമോ അടിയന്തര സാഹചര്യമോ ഉണ്ടാകുമ്പോൾ വ്യക്തികളെ വേഗത്തിൽ തിരിച്ചറിയാൻ സാധുവായ QID സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. QID കൈവശമില്ലെങ്കിൽ തിരിച്ചറിയലിനായി വിരലടയാളം ഉപയോഗിക്കും. ഇതിലൂടെയും തിരിച്ചറിയൽ സാധ്യമാകാത്ത സാഹചര്യത്തിൽ വ്യക്തിയെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിലേക്ക് (CID) കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.വ്യാജ പൊലീസുകാരെ സൂക്ഷിക്കുകസിവിൽ വേഷത്തിലോ മറുവേഷത്തിലോ എത്തുന്ന ഒരാൾ പൊലീസാണെന്ന് അവകാശപ്പെട്ട് സമീപിച്ചാൽ, വ്യക്തിഗത വിവരങ്ങൾ നൽകുകയോ ചോദ്യങ്ങൾക്ക് മറുപടി നൽകുകയോ ചെയ്യുന്നതിന് മുമ്പ് ഔദ്യോഗിക പൊലീസ് ഐഡി കാർഡ് കാണിക്കാൻ ആവശ്യപ്പെടണമെന്ന് അധികൃതർ നിർദേശിച്ചു.പൊലീസ് ഐഡി കാണിക്കാൻ കഴിയാത്തതോ വ്യക്തി പൊലീസിന്റെ ആൾമാറാട്ടം നടത്തുന്നതായി സംശയിക്കുന്നതോ ആയ സാഹചര്യത്തിൽ ഉടൻ 999 എന്ന നമ്പറിൽ ബന്ധപ്പെടണം.യഥാർത്ഥ പൊലീസ് ഐഡി കാർഡിന് ഖത്തർ ഐഡിക്ക് സമാനമായ രൂപമാണുള്ളത്. ഉദ്യോഗസ്ഥന്റെ പേര്, ഫോട്ടോ, വകുപ്പ് എന്നിവയും പുറംവശത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ വിവരങ്ങളും ഇതിൽ ഉൾപ്പെടും.24 മണിക്കൂറും സുരക്ഷാ സേവനവുമായി അൽ ഫസാൻ പൊലീസ്മറ്റ് പ്രത്യേക സുരക്ഷാ വിഭാഗങ്ങൾ എത്തുന്നതിന് മുമ്പ് 24 മണിക്കൂറും സുരക്ഷയും മാനുഷിക സഹായവും നൽകുന്ന പ്രഥമ പ്രതികരണ വിഭാഗമായാണ് അൽ ഫസാൻ പൊലീസ് പ്രവർത്തിക്കുന്നത്.രാജ്യത്തുടനീളവും പ്രധാന ഹൈവേകളിലും അൽ ഫസാൻ പട്രോളിംഗ് നടത്തുന്നുണ്ട്. സുരക്ഷ ഉറപ്പാക്കുക, കുറ്റകൃത്യങ്ങൾ തടയുക, ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുക, റോഡിൽ ആവശ്യമായ സഹായം നൽകുക തുടങ്ങിയവയാണ് പ്രധാന ചുമതലകൾ. മറ്റ് സുരക്ഷാ വിഭാഗങ്ങൾക്ക് ആവശ്യമായ പിന്തുണയും അൽ ഫസാൻ പൊലീസ് നൽകുന്നു.അടിയന്തര സാഹചര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും പൊലീസ് സഹായം തേടുന്നതിനും പൊതുജനങ്ങൾക്ക് 999 എന്ന നമ്പറിൽ ബന്ധപ്പെടാം. സുരക്ഷിതമായ സാഹചര്യത്തിൽ അൽ ഫസാൻ പട്രോളിനെ നേരിട്ടും സമീപിക്കാവുന്നതാണ്..