ഈറ്റ്ലെസ്’ സ്ലിമ്മിംഗ് ഉൽപ്പന്നം വാങ്ങരുത്; ഖത്തർ ആരോഗ്യ മന്ത്രാലയത്തിന്റെ അടിയന്തര മുന്നറിയിപ്പ്ദോഹ: ഭാരം കുറയ്ക്കാൻ വിപണിയിൽ പ്രചരിക്കുന്ന ‘ഈറ്റ്ലെസ് – നാച്ചുറൽ സ്ലിമ്മിംഗ് ഫോർമുല എന്ന ഉൽപ്പന്നം വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുതെന്ന് ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.ലബോറട്ടറി പരിശോധനയിൽ, ഈ ഉൽപ്പന്നത്തിൽ സിബുത്രാമിൻ, ഫീനോൽഫ്തലീൻ എന്നീ ആരോഗ്യത്തിന് ഹാനികരമായ ഔഷധ ഘടകങ്ങൾ അടങ്ങിയിരിക്കുന്നതായി സ്ഥിരീകരിച്ചു.സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പരസ്യം ചെയ്യുന്ന ഈ ഉൽപ്പന്നത്തിന് ഖത്തറിൽ ഔദ്യോഗിക ലൈസൻസില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.2010 ഒക്ടോബറിൽ സുരക്ഷാ കാരണങ്ങളാൽ വിപണിയിൽ നിന്ന് പിൻവലിച്ച നിയന്ത്രിത ഔഷധ ഘടകമാണ് സിബുത്രാമിൻ. ഇത് രക്തസമ്മർദ്ദവും ഹൃദയമിടിപ്പും വർധിപ്പിക്കുന്നതിനൊപ്പം, ഹൃദ്രോഗമുള്ളവരിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ട്.അതേസമയം, നിലവിൽ അംഗീകൃത മരുന്നുകളിൽ ഉപയോഗിക്കാത്ത ഫീനോൽഫ്തലീൻ എന്ന രാസവസ്തു ക്യാൻസർ സാധ്യത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.ഇത്തരം അനധികൃതവും ലൈസൻസില്ലാത്തതുമായ ആരോഗ്യ ഉൽപ്പന്നങ്ങൾക്കെതിരെ കർശനമായ നിയമനടപടികൾ തുടരുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു..