*സംശയമുള്ള ഭക്ഷണം കഴിക്കരുത്; ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്*📍മസ്കത്ത് | ഭക്ഷണം സുരക്ഷിതമല്ലെന്ന് സംശയം തോന്നിയാല്‍ ഉപഭോക്താക്കള്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം. സംശയാസ്പദമായ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നത് വ്യക്തിയുടെ ആരോഗ്യത്തിനൊപ്പം സമൂഹത്തിന്റെ സുരക്ഷയും സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്കി.ഭക്ഷണം മലിനമായതോ കേടായതോ ആണെന്ന് സംശയിക്കുന്ന സാഹചര്യത്തില്‍ അത് കഴിക്കുന്നത് ഉടന്‍ നിര്‍ത്തണം. മറ്റുള്ളവര്‍ക്ക് നല്‍കുന്നതും ഒഴിവാക്കണം. ശേഷിക്കുന്ന ഭക്ഷണം സാധ്യമെങ്കില്‍ പരിശോധനയ്ക്കോ ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നതിനോ വേണ്ടി സൂക്ഷിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു.സംശയമുള്ള ഭക്ഷണം കഴിച്ചതിന് ശേഷം ഛര്‍ദ്ദി, വയറിളക്കം, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ ഉടന്‍ സമീപത്തെ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടണമെന്നും മന്ത്രാലയം അറിയിച്ചു.സുരക്ഷിതമല്ലെന്ന് സംശയിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങളെയും ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങളെയും സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനും ഉപഭോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഇത്തരം പരാതികള്‍ ഉല്‍പ്പന്നങ്ങളുടെ വേഗത്തിലുള്ള പരിശോധനയ്ക്കും സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിനും ഉപഭോക്തൃ സംരക്ഷണം ശക്തിപ്പെടുത്തുന്നതിനും സഹായിക്കും.ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്പെട്ടെന്ന് കേടാകാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കുക.ദീര്‍ഘനേരം ഭക്ഷണം ഫ്രിഡ്ജിന് പുറത്തുവെക്കുന്നത് ഒഴിവാക്കുക.ഭക്ഷണം വൃത്തിയുള്ളതും വായു കടക്കാത്തതുമായ പാത്രങ്ങളില്‍ സൂക്ഷിക്കുക.ആവശ്യമായിടത്ത് ശരിയായ രീതിയില്‍ തയ്യാറാക്കിയ റെഡിടുഈറ്റ് ഭക്ഷണങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.അസംസ്കൃത ഭക്ഷണങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുക.കേടായതിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്ന ഭക്ഷണം ഉപേക്ഷിക്കുക.ഭക്ഷണം വാങ്ങുന്നതിന് മുമ്പ് കാലാവധി, ഉല്‍പ്പന്നത്തിന്റെ ഉറവിടം, സംഭരണ നിര്‍ദേശങ്ങള്‍, ചേരുവകള്‍, ഉപയോഗിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ പരിശോധിക്കണമെന്നും മന്ത്രാലയം ഉപഭോക്താക്കളോട് നിര്‍ദേശിച്ചു. “നിങ്ങളുടെ ഭക്ഷണം ബോധപൂര്‍വം തിരഞ്ഞെടുക്കുക’ എന്ന സന്ദേശത്തിലൂടെ ഭക്ഷ്യജന്യ രോഗങ്ങള്‍ തടയുന്നതില്‍ ഉപഭോക്തൃ ബോധവല്‍ക്കരണത്തിന്റെ പ്രാധാന്യവും മന്ത്രാലയം ചൂണ്ടിക്കാട്ടി.സുരക്ഷിതമല്ലെന്ന് സംശയിക്കുന്ന ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് വ്യക്തിഗത ഉപഭോക്താവിനെ സംരക്ഷിക്കുന്നതിനൊപ്പം അപകടകരമായ ഉല്‍പ്പന്നങ്ങള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത് തടയാനും സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.ഭക്ഷണം കഴിക്കുന്നത് നിര്‍ത്താനോ, ഉല്‍പ്പന്നം പരിശോധിക്കാനോ, പരാതി നല്‍കാനോ എടുക്കുന്ന ഒരു മിനിറ്റ് പോലും ആരോഗ്യ സംരക്ഷണത്തില്‍ നിര്‍ണായകമായേക്കാമെന്നും ആരോഗ്യ മന്ത്രാലയം അധികൃതര്‍ ഉണര്‍ത്തി.