സലാല: ഖരീഫ് സീസണിൽ ഒമാന്റെ സമ്പന്നമായ പാചക പാരമ്പര്യവും ദോഫാറിന്റെ പ്രകൃതി സൗന്ദര്യവും വിനോദസഞ്ചാരികൾക്ക് ഒരുമിച്ച് അനുഭവിക്കാൻ അവസരമൊരുക്കി പൈതൃക-ടൂറിസം മന്ത്രാലയവും മുവാസലാത്തും ചേർന്ന് ‘ഒമാൻ കുലിനറി ആർട്‌സ്’ പദ്ധതിയുടെ ഭാഗമായി പ്രത്യേക ഓപ്പൺടോപ്പ് ബസ് സർവീസ് ആരംഭിച്ചു.ജൂലൈ 24 മുതൽ 30 വരെയും, ആഗസ്റ്റ് 8 മുതൽ 14 വരെയും രണ്ട് ഘട്ടങ്ങളിലായാണ് ഈ പ്രത്യേക യാത്ര സംഘടിപ്പിക്കുന്നത്. ഖരീഫ് ആഘോഷങ്ങളുടെ ഭാഗമായുള്ള ഈ സംരംഭം ഒമാനെ മികച്ച വിനോദസഞ്ചാര കേന്ദ്രമായി കൂടുതൽ പ്രചാരത്തിലാക്കുന്നതിനൊപ്പം രാജ്യത്തിന്റെ തനത് ഭക്ഷ്യസംസ്‌കാരം ലോകത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നടപ്പാക്കുന്നത്.ഒമാനി വിഭവങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ കുലിനറി ടൂറിസം പദ്ധതിയിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങൾ, സംരംഭകർ, ഷെഫുമാർ എന്നിവർക്കും കൂടുതൽ പ്രോത്സാഹനം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഓപ്പൺടോപ്പ് ബസ് ദോഫാർ ഗവർണറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ അൽ ബലീദ് പുരാവസ്തു പാർക്ക്, അൽ ദരീസ് ബീച്ച്, അൽ ഹഫ മാർക്കറ്റ്, അൽ നഹ്ദ ടവർ എന്നിവ ഉൾപ്പെടുന്ന റൂട്ടിലൂടെയാണ് സർവീസ് നടത്തുക.ഈ പ്രത്യേക കുലിനറി ടൂറിസം യാത്രയിൽ 3,000-ത്തിലധികം സന്ദർശകർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. ഒമാന്റെ തനതായ രുചികളും ദോഫാറിന്റെ മനോഹരമായ ഖരീഫ് കാഴ്ചകളും ഒരുമിച്ച് ആസ്വദിക്കാൻ കഴിയുന്ന വ്യത്യസ്തമായ അനുഭവമായിരിക്കും ഈ പദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *