സലാല: സലാലയിൽ നിന്ന് കേരളത്തിലെ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ തുടർന്നും നിലനിർത്താൻ പ്രവാസി മലയാളികളുടെ അടിയന്തര സഹകരണം ആവശ്യപ്പെട്ട് ആഹ്വാനം. വർഷങ്ങളായുള്ള കാത്തിരിപ്പിനും വിവിധ തലങ്ങളിലുണ്ടായ ഇടപെടലുകൾക്കും ശേഷമാണ് ഈ നേരിട്ടുള്ള സർവീസുകൾ ലഭ്യമായത്.
ആഴ്ചയിൽ രണ്ട് ദിവസം വീതം സർവീസ് നടത്തുന്ന ഈ റൂട്ടുകൾ തുടർന്നും നിലനിർത്താൻ ഓരോ സർവീസിലും കുറഞ്ഞത് 75 ശതമാനം യാത്രക്കാരുടെ സാന്നിധ്യം അനിവാര്യമാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചതായി വ്യക്തമാക്കുന്നു. യാത്രക്കാരുടെ എണ്ണം കുറയുന്ന സാഹചര്യം തുടരുകയാണെങ്കിൽ സലാല–കൊച്ചി, സലാല–കോഴിക്കോട് റൂട്ടുകളിലെ സർവീസുകൾ നിർത്തലാക്കപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും ഉയരുന്നുണ്ട്.
നാട്ടിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയിടുന്നവർ പരമാവധി എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ തിരഞ്ഞെടുക്കുകയും, സുഹൃത്തുക്കളെയും ബന്ധുക്കളെയും ഇതേ സർവീസ് ഉപയോഗിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പ്രവാസി സമൂഹം അഭ്യർഥിച്ചു.
ഒരു പ്രാവശ്യം ഈ സർവീസുകൾ നഷ്ടപ്പെട്ടാൽ ഭാവിയിൽ സലാലയിൽ നിന്ന് കേരളത്തിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ വീണ്ടും ലഭ്യമാക്കുന്നത് ഏറെ പ്രയാസകരമാകുമെന്നതിനാൽ, പ്രവാസി സമൂഹത്തിന്റെ താൽപര്യം മുൻനിർത്തി എല്ലാവരും ഈ സന്ദേശം പരമാവധി പങ്കുവെച്ച് സർവീസ് നിലനിർത്താൻ സഹകരിക്കണമെന്നും അഭ്യർഥനയിൽ പറയുന്നു.