ട്രെയിൻ ടിക്കറ്റ് ഓണ്‍ലൈനായി ബുക്ക് ചെയ്യുമ്പോള്‍ നിരക്ക് നോക്കി പണമടയ്ക്കാനുള്ള തിരക്കിനിടയില്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന ഒരു ചെറിയ ഓപ്ഷനുണ്ട്.

ടിക്കറ്റ് നിരക്കും ജിഎസ്ടിയും ഐആർസിടിസിയുടെ സർവീസ് ചാർജുമെല്ലാം കഴിഞ്ഞാല്‍, വെറും 45 പൈസയോ ഒരു രൂപയില്‍ താഴെയോ അധികമായി ഈടാക്കുന്ന തുക. ഇന്നത്തെ കാലത്ത് ഒരു രൂപയ്ക്ക് താഴെയുള്ള തുക കൊണ്ട് കാര്യമായൊന്നും വാങ്ങാനാകില്ലെങ്കിലും, ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അപ്രതീക്ഷിത അപകടങ്ങളില്‍ ഈ ചെറിയ തുക വലിയ സാമ്പത്തിക സംരക്ഷണമായി മാറിയേക്കാം. ഓപ്ഷൻ തിരഞ്ഞെടുക്കുന്ന യാത്രക്കാർക്ക് 10 ലക്ഷം രൂപ വരെ ലഭിക്കുന്ന ട്രാവല്‍ ഇൻഷുറൻസ് കവറേജാണ് ഇതിലൂടെ ലഭിക്കുന്നത്.

എങ്ങനെയാണ് ഒരു രൂപയില്‍ താഴെയുള്ള പ്രീമിയം നല്‍കി ലക്ഷങ്ങളുടെ പരിരക്ഷ ലഭിക്കുന്നത് എന്നതാണ് സ്വാഭാവികമായ ചോദ്യം. ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നത് വലിയൊരു കൂട്ടം യാത്രക്കാരെ ഉള്‍പ്പെടുത്തി നല്‍കുന്ന ഗ്രൂപ്പ് ഇൻഷുറൻസ് സംവിധാനമാണ്. ലക്ഷക്കണക്കിന് ആളുകള്‍ ഓരോ ദിവസവും ട്രെയിനുകളില്‍ യാത്ര ചെയ്യുന്നതിനാല്‍, ഓരോ യാത്രക്കാരനില്‍ നിന്നും ചെറിയൊരു പ്രീമിയം ശേഖരിച്ച്‌ വലിയൊരു ഫണ്ട് രൂപപ്പെടുത്താൻ ഇൻഷുറൻസ് കമ്പനികള്‍ക്ക് സാധിക്കുന്നു. അപൂർവമായി സംഭവിക്കുന്ന ഗുരുതരമായ അപകടങ്ങളില്‍ നഷ്ടപരിഹാരം നല്‍കാൻ ഈ ഫണ്ടാണ് ഉപയോഗിക്കുന്നത്.

സാധാരണ ഇൻഷുറൻസ് പോളിസികളില്‍ നിന്ന് വ്യത്യസ്തമായി, ഈ കവറേജ് ഒരു വർഷത്തേക്കോ ദീർഘകാലത്തേക്കോ ഉള്ളതല്ല. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രയുമായി ബന്ധപ്പെട്ട് ഏതാനും മണിക്കൂറുകളോ ദിവസങ്ങളോ മാത്രമാണ് ഇൻഷുറൻസ് പരിരക്ഷ സാധാരണയായി പ്രാബല്യത്തില്‍ വരുന്നത്. പരിരക്ഷയുടെ കാലയളവ് പരിമിതമായതിനാല്‍ കുറഞ്ഞ പ്രീമിയത്തില്‍ ഇത് നല്‍കാനും സാധിക്കുന്നു.

എന്തൊക്കെയാണ് കവറേജില്‍ ഉള്‍പ്പെടുന്നത്?

ട്രെയിൻ യാത്രയ്ക്കിടെ സംഭവിക്കുന്ന വലിയ അപകടങ്ങള്‍, ട്രെയിൻ പാളം തെറ്റുന്നതുപോലുള്ള സംഭവങ്ങള്‍, ട്രെയിനില്‍ കയറുന്നതിനിടയിലോ ഇറങ്ങുന്നതിനിടയിലോ ഉണ്ടാകുന്ന അപകടങ്ങള്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ ഈ ഇൻഷുറൻസ് സഹായകമാകും.

ട്രെയിൻ യാത്രാ ഇൻഷുറൻസ്- എത്ര രൂപ വരെ ലഭിക്കും?സാഹചര്യം ലഭിക്കാവുന്ന പരമാവധി തുക

അപകടമരണം / പൂർണ വൈകല്യം -10 ലക്ഷം വരെഭാഗിക വൈകല്യം -7.5 ലക്ഷം വരെഅപകടത്തെ തുടർന്നുള്ള ചികിത്സാ ചെലവ് -2 ലക്ഷം വരെമൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ചെലവ് -10,000 വരെ

എന്നാല്‍ ഒരു പ്രധാന കാര്യം യാത്രക്കാർ മനസ്സിലാക്കണം. ഇത് സാധാരണ ഹെല്‍ത്ത് ഇൻഷുറൻസോ ലൈഫ് ഇൻഷുറൻസോ അല്ല. ട്രെയിൻ യാത്രയുമായി ബന്ധപ്പെട്ട അപകടങ്ങള്‍ക്കുള്ള പരിമിതമായ ഇൻഷുറൻസ് പരിരക്ഷ മാത്രമാണിത്. അതിനാല്‍ യാത്രയ്ക്കിടെ ഉണ്ടാകുന്ന സാധാരണ പനി, അസുഖങ്ങള്‍ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇതിന്റെ പരിരക്ഷ ലഭിക്കില്ല.

അതുപോലെ തന്നെ, നിബന്ധനകള്‍ക്ക് വിധേയമായാണ് ക്ലെയിം അനുവദിക്കുക. ട്രാക്ക് മുറിച്ചുകടക്കുന്നത് പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങള്‍ക്കിടെയുണ്ടാകുന്ന അപകടങ്ങള്‍, ട്രെയിൻ നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ ഇൻഷുറൻസ് ബാധകമാകില്ല. യാത്രയുമായി നേരിട്ട് ബന്ധപ്പെട്ട അപകടങ്ങളും പോളിസിയില്‍ വ്യക്തമാക്കിയിട്ടുള്ള സാഹചര്യങ്ങളും മാത്രമാണ് പരിരക്ഷയുടെ പരിധിയില്‍ വരുന്നത്.

അപകടമുണ്ടായാല്‍ നഷ്ടപരിഹാരം നല്‍കുന്നത് ഐആർസിടിസി നേരിട്ടല്ല. ടിക്കറ്റ് ബുക്കിങ് സംവിധാനവുമായി സഹകരിക്കുന്ന ഇൻഷുറൻസ് കമ്പനിയാണ് പോളിസിയുടെ നിബന്ധനകള്‍ക്ക് വിധേയമായി ക്ലെയിം പരിഗണിച്ച്‌ തുക നല്‍കുന്നത്. അതിനാല്‍ അപകടമുണ്ടായാല്‍ റെയില്‍വേ അധികൃതരില്‍ നിന്നുള്ള റിപ്പോർട്ടുകളും മറ്റ് ആവശ്യമായ രേഖകളും വളരെ പ്രധാനമാണ്.

ടിക്കറ്റ് ബുക്ക് ചെയ്തതിന് ശേഷം ലഭിക്കുന്ന നോമിനി ലിങ്കില്‍ വിവരങ്ങള്‍ കൃത്യമായി നല്‍കുന്നതും പ്രധാനമാണ്. അപകടമുണ്ടാകുന്ന സാഹചര്യത്തില്‍ കുടുംബാംഗങ്ങള്‍ക്ക് ക്ലെയിം നടപടികള്‍ എളുപ്പത്തില്‍ പൂർത്തിയാക്കാൻ ഇത് സഹായിക്കും.

ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഒറ്റനോട്ടത്തില്‍ അവഗണിച്ചുകളയാവുന്ന ഏതാനും പൈസയുടെ ഓപ്ഷനാണ് ഇതെങ്കിലും, അതിന്റെ പിന്നിലെ പരിരക്ഷയുടെ മൂല്യം അതിനേക്കാള്‍ എത്രയോ വലുതാണ്. യാത്രയ്ക്കിടെ അപ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളെ മുൻകൂട്ടി തടയാനാകില്ലെങ്കിലും, അത്തരം സാഹചര്യങ്ങളില്‍ കുടുംബത്തിന് ഉണ്ടാകാവുന്ന സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള ഒരു അധിക സുരക്ഷയായി ഈ ചെറിയ ഇൻഷുറൻസ് മാറാം. അതുകൊണ്ട് തന്നെ അടുത്ത തവണ ഓണ്‍ലൈനായി ട്രെയിൻ ടിക്കറ്റ് എടുക്കുമ്പോള്‍ ആ ചെറിയ ഓപ്ഷൻ കണ്ടാല്‍ ശ്രദ്ധിക്കാതെ പോകരുത്.

Leave a Reply

Your email address will not be published. Required fields are marked *