അവധിക്ക് നാട്ടിലെത്തിയ അയ്യായിരത്തോളം പ്രവാസികളുടെ യു.എ.ഇ താമസവിസകള്‍ കാരണം വ്യക്തമാക്കാതെ റദ്ദാക്കിയതായി റിപ്പോർട്ട്.ബംഗ്ലാദേശ് സ്വദേശികളായ അയ്യായിരത്തോളം പേരുടെ വിസയാണ് റദ്ദായതെങ്കിലും പാകിസ്താൻ ഉള്‍പ്പെടെയുള്ള മറ്റ് ചില രാജ്യങ്ങളിലെ പൗരന്മാർക്കും സമാനമായ തിരിച്ചടി നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ബംഗ്ലാദേശി ദിനപത്രമായ ‘ദി ഡെയ്‌ലി സ്റ്റാർ’ റിപ്പോർട്ട് ചെയ്തു. തിരികെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങാനിരുന്ന പതിനായിരക്കണക്കിന് പ്രവാസികളുടെയും കുടുംബങ്ങളുടെയും ഭാവി ഇതോടെ അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

യു.എ.ഇ നിയമപ്രകാരം ഒരു വിദേശി തുടർച്ചയായി ആറുമാസത്തിലധികം രാജ്യത്തിന് പുറത്തു കഴിയുകയാണെങ്കില്‍ താമസവിസ സ്വമേധയാ റദ്ദാകും. എന്നാല്‍, ഇപ്പോള്‍ വിസ റദ്ദായ ബംഗ്ലാദേശികളില്‍ ഭൂരിഭാഗം പേരും രണ്ടോ മൂന്നോ മാസം മാത്രം അവധിക്ക് നാട്ടില്‍ എത്തിയവരാണ്. ജൂലൈ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് ഇമെയില്‍ വഴിയും ഫോണ്‍ മെസ്സേജ് വഴിയും ആളുകള്‍ക്ക് വിസ റദ്ദാക്കല്‍ നോട്ടീസുകള്‍ ലഭിച്ചു തുടങ്ങിയത്. 25 വർഷത്തിലധികമായി യു.എ.ഇയില്‍ സ്വന്തമായി ബിസിനസ് നടത്തുന്നവർക്ക് വരെ ഇത്തരത്തില്‍ വിസ റദ്ദാക്കപ്പെട്ട സന്ദേശം ലഭിച്ചിട്ടുണ്ട്.

വിസ റദ്ദാക്കലിന് പിന്നിലെ കൃത്യമായ കാരണം യു.എ.ഇ അധികൃതർ ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ലെങ്കിലും പശ്ചിമേഷ്യയില്‍ രൂക്ഷമാകുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സുരക്ഷാ പരിശോധന കർശനമാക്കിയതുമാണ് ഇതിന് പിന്നിലെന്നാണ് സൂചന. സമൂഹമാധ്യമങ്ങളില്‍ വൈകാരികമോ രാഷ്ട്രീയ സ്വഭാവമുള്ളതോ ആയ ഉള്ളടക്കങ്ങള്‍ പങ്കുവെക്കുന്നതും പ്രാദേശിക നിയമലംഘനങ്ങളും കർശനമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കുറ്റകൃത്യങ്ങളില്‍ ഏർപ്പെടരുതെന്നും സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ജാഗ്രത വേണമെന്നും വിദേശകാര്യ വകുപ്പ് മുൻപും പ്രവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.

വിഷയം യു.എ.ഇ അധികൃതരുമായി നയതന്ത്ര തലത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്നും വിസ റദ്ദാക്കലുകള്‍ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതായും ബംഗ്ലാദേശ് പ്രവാസി ക്ഷേമ മന്ത്രി നൂറുല്‍ ഹഖ് നൂർ അറിയിച്ചു. പ്രശ്നത്തിന് പരിഹാരം കാണാൻ സെപ്റ്റംബർ 22 വരെ പ്രവാസികള്‍ സർക്കാരിന് സമയം അനുവദിച്ചിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് ഏഷ്യൻ രാജ്യക്കാരിലും ഈ അപ്രതീക്ഷിത നടപടി വലിയ ആശങ്ക പടർത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *