Oplus_16908288

ബ്രിക്‌സ് ഉച്ചകോടിയുടെ പ്രഖ്യാപനത്തില്‍ സമവായം സാധ്യമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടല്‍ നിർണായകമായെന്ന് റിപ്പോർട്ടുകള്‍.ഇറാൻ പ്രസിഡന്റുമായി മോദി നടത്തിയ ചർച്ചകള്‍ക്ക് പിന്നാലെയാണ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിച്ചതെന്നാണ് വിവരം. യുഎസ്-ഇസ്രായേല്‍ ആക്രമണം പ്രഖ്യാപനത്തില്‍ വ്യക്തമായി രേഖപ്പെടുത്തണമെന്ന ഇറാന്റെ ആവശ്യം പിന്നീട് മയപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

അമേരിക്കയ്ക്കും പാശ്ചാത്യ രാജ്യങ്ങള്‍ക്കുമെതിരെ കടുത്ത നിലപാട് സ്വീകരിക്കണമെന്ന ആവശ്യവും പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്തിയില്ല. ആഗോളതലത്തില്‍ പുതിയ രണ്ട് ചേരികള്‍ സൃഷ്ടിക്കുന്നതിന് പകരം നിലവിലെ ആഗോളക്രമത്തില്‍ ആവശ്യമായ പരിഷ്കാരങ്ങളാണ് വേണ്ടതെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതിന്റെ ഭാഗമായാണ് ബ്രിക്‌സ് കറൻസിയെക്കുറിച്ചുള്ള പരാമർശം പ്രഖ്യാപനത്തില്‍ ഉള്‍പ്പെടുത്താതിരുന്നതെന്നും വിലയിരുത്തപ്പെടുന്നു.

ഇതിനിടെ ഇന്ത്യ-ചൈന ബന്ധത്തിലും നിർണായക നിലപാടാണ് പ്രധാനമന്ത്രി സ്വീകരിച്ചതെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. ഇന്ത്യയും ചൈനയും പരസ്പരം എതിരാളികളല്ലെന്നും പങ്കാളികളാണെന്നും മോദി വ്യക്തമാക്കിയതായി ചൈനീസ് മാധ്യമങ്ങള്‍ പറയുന്നു. ഇന്ത്യൻ മണ്ണ് ചൈനയ്ക്കെതിരായ നീക്കങ്ങള്‍ക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് മോദി ഉറപ്പുനല്‍കിയതായും ചൈനീസ് ഭാഗം അവകാശപ്പെട്ടു.

അതിർത്തി തർക്കം പരിഹരിക്കാൻ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന നിലപാട് ചൈനീസ് വിദേശകാര്യ മന്ത്രാലയത്തിന്റെ വാർത്താക്കുറിപ്പിലും വ്യക്തമാക്കിയതായി റിപ്പോർട്ടുകളുണ്ട്. ചൈനയുമായുള്ള ബന്ധത്തെ മറ്റേതെങ്കിലും രാജ്യവുമായുള്ള ഇന്ത്യയുടെ ബന്ധം ബാധിക്കില്ലെന്നും ഇന്ത്യ ഉറപ്പുനല്‍കിയതായി ചൈനീസ് വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *