രാജ്യത്തുടനീളമുള്ള എട്ട് പ്രധാന വിമാനത്താവളങ്ങളുടെ നിയന്ത്രണം ഈ ഗ്രൂപ്പിനുണ്ട്; ഇതിൽ മുംബൈ വിമാനത്താവള കമ്പനിയിലെ 74 ശതമാനം ഓഹരിയും ഉൾപ്പെടുന്നു. ഇതുകൂടാതെ, പൈലറ്റ് പരിശീലനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണിയും കേടുപാടുകൾ തീർക്കലും, വിമാനത്താവളങ്ങളിലെ ഗ്രൗണ്ട് ഹാൻഡ്ലിംഗ് സേവനങ്ങൾ എന്നീ മേഖലകളിലും കമ്പനിക്ക് സാന്നിധ്യമുണ്ട്. ശതകോടീശ്വരനായ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിന്റെ വ്യോമയാന മേഖലയിലെ ഇതുവരെയുള്ള നേട്ടങ്ങളാണിവ. ഇപ്പോൾ, വിമാന സർവീസ് പ്രവർത്തനങ്ങളിലേക്കും അദാനി ഗ്രൂപ്പ് ചുവടുവെക്കുകയാണ്.
സ്വന്തം വിമാനക്കമ്പനി ആരംഭിക്കുന്നതിന് മുന്നോടിയായി നിലവിലുള്ള ചട്ടങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് കേന്ദ്രസർക്കാരിന് അപേക്ഷ നൽകിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിമാനത്താവള കമ്പനിയിൽ ഓഹരിയുള്ള സ്ഥാപനങ്ങൾക്ക് ഒരു വിമാനക്കമ്പനിയിൽ 10 ശതമാനത്തിലധികം ഓഹരി കൈവശം വെക്കാൻ നിലവിലെ നിയമങ്ങൾ അനുവദിക്കുന്നില്ല. ഈ നിയമത്തിൽ ഭേദഗതി വരുത്താനാണ് ഗ്രൂപ്പ് ആവശ്യപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ടെങ്കിലും, അദാനി ഗ്രൂപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
അദാനി ഗ്രൂപ്പിന് ഒരു വിമാനക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് തത്വത്തിൽ ഒരു പദ്ധതിയുണ്ടെങ്കിലും, അത് ആരംഭിക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമൊന്നും എടുത്തിട്ടില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയതായി ചില ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവള നടത്തിപ്പ് കമ്പനിയാണ് ‘അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ്’; തിരുവനന്തപുരം, മംഗളൂരു, മുംബൈ, നവി മുംബൈ, ഗുവാഹത്തി, ലഖ്നൗ, അഹമ്മദാബാദ്, ജയ്പൂർ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല ഈ കമ്പനിക്കാണ്.