സംസ്ഥാനത്ത് തുലാമഴ കനക്കുന്നു. ഞായറാഴ്ച വരെ വിവിധ ജില്ലകളില്‍ അതിതീവ്ര മഴ പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്കുന്ന മുന്നറിയിപ്പ്.
ഇന്ന് 4 ജില്ലകളിലും നാളെ 9 ജില്ലകളിലുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴയ്ക്കുളള ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് ഉളളത്. ഈ ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരുകയാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് ഉളളത്.
ശനിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർഗോഡ് എന്നീ ജില്ലകളില്‍ യെല്ലോ അലർട്ട് നിലനില്‍ക്കുന്നുണ്ട്. നാളെ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ മൂന്ന് ജില്ലകളില്‍ ഞായറാഴ്ചയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലർട്ട് ആണ് നിലവില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ന്യൂന മർദ്ദവും ചക്രവാത ചുഴിയും കാരണമാണ് കേരളത്തില്‍ മഴ കനക്കുന്നതെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു. കന്യാകുമാരി മേഖലക്കും സമീപത്തെ തെക്കൻ തമിഴ്നാട്, കേരളത്തിനും മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. തെക്കുകിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിലും അതിനോട് ചേർന്ന മധ്യ-കിഴക്കൻ ബംഗാള്‍ ഉള്‍ക്കടല്‍ മേഖലയിലും ആൻഡമാൻ ദ്വീപുകള്‍ക്ക് മുകളിലായി ചക്രവാത ചുഴിസ്ഥിതിചെയ്യുന്നു.