*ഒമാനിൽ ചൂട് കുറയുന്നു; ഉയർന്ന താപനില 40 ഡിഗ്രിക്ക് താഴെ** ഇന്നലെ ഏറ്റവും ഉയർന്ന താപനില ബുറൈമിയിൽ, 38.8 ഡിഗ്രി സെൽഷ്യസ്🇴🇲മസ്‌കത്ത് | ഒമാനിൽ ചൂട് കുറയുന്നതിന്റെ സൂചന നൽകി ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോർട്ട്. ശനിയാഴ്ച പുറത്തിറക്കിയ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 38.8 ഡിഗ്രി സെൽഷ്യസായി കുറഞ്ഞു. ബുറൈമിയിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയത്.തുടർച്ചയായ നാല് ബുള്ളറ്റിനുകളിലായി രാജ്യത്തെ പരമാവധി താപനിലയിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബർ 30ന് 44 ഡിഗ്രി ആയിരുന്ന പരമാവധി താപനില ഒക്ടോബർ ഒന്നിന് 41.8 ഡിഗ്രി, ഒക്ടോബർ രണ്ടിന് 41.2 ഡിഗ്രി എന്നിങ്ങനെ കുറഞ്ഞതിന് പിന്നാലെയാണ് ഒക്ടോബർ മൂന്നിന് 38.8 ഡിഗ്രി ആയി താഴ്ന്നത്.ശനിയാഴ്ചത്തെ റിപ്പോർട്ടിൽ ഉൾപ്പെട്ട എല്ലാ പ്രദേശങ്ങളിലും പരമാവധി താപനില 39 ഡിഗ്രിയിൽ താഴെയായിരുന്നു. അൽ സുനൈന 38.6 ഡിഗ്രി, അൽ മസ്യൂന, ദിമ വത്തയ്യീൻ എന്നിവിടങ്ങളിൽ 38.3 ഡിഗ്രി വീതവും രേഖപ്പെടുത്തി.റുസ്താഖിൽ 37.4 ഡിഗ്രി, ഇബ്രിയിൽ 37.2 ഡിഗ്രി, സമാഇലിൽ 37 ഡിഗ്രി എന്നിങ്ങനെയായിരുന്നു മറ്റ് ഉയർന്ന താപനിലകൾ. വെള്ളിയാഴ്ച 41.2 ഡിഗ്രി രേഖപ്പെടുത്തി രാജ്യത്തെ ഏറ്റവും ചൂടേറിയ പ്രദേശമായിരുന്ന മുഖ്ശിനിൽ ഏറ്റവും പുതിയ കാലയളവിൽ 37.3 ഡിഗ്രി ആണ് രേഖപ്പെടുത്തിയത്.സെപ്റ്റംബർ 30ലെ പരമാവധി താപനിലയെ അപേക്ഷിച്ച് ഏറ്റവും പുതിയ കണക്ക് 5.2 ഡിഗ്രിയുടെ കുറവാണ് രേഖപ്പെടുത്തുന്നത്. വരും ദിവസങ്ങളിലും താപനില 40ഡിഗ്രിയിൽ താഴെ തുടരുമെന്ന് നിലവിലെ കണക്കുകൾ ഉറപ്പാക്കുന്നില്ലെങ്കിലും രാജ്യത്ത് ചൂട് കുറയുന്ന പ്രവണതയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്