അടുത്ത 3 മണിക്കൂറില്‍ പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അടുത്ത മൂന്ന് മണിക്കൂർ മാത്രമാണ് അലർട്ട് ഉള്ളത്.ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
അതേസമയം പത്തനംതിട്ട ജില്ലയിലെ പച്ച അലർട്ട് (നേരിയ-ഇടത്തരം മഴ) മഞ്ഞ അലർട്ട് ആയി (ശക്തമായ മഴ) ഉയർത്തിയതായും കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും 5 ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം , 6 ന് ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് ആണ്.
ഇന്ന് കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. കൂടാതെ കേരളം, ലക്ഷദ്വീപ്, മാലിദ്വീപ് അതിനോട് ചേർന്ന തെക്കുകിഴക്കൻ അറബിക്കടല്‍, മധ്യ കിഴക്കൻ അറബിക്കടല്‍, കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റർ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും വകുപ്പ് അറിയിച്ചു.
കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 6 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 – 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൂടാതെ, 7 ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.സംസ്ഥാനത്ത് ഇത്തവണ കാലവർഷം ദുർബലായിരുന്നു. . ജൂണ്‍ 1 മുതല്‍ സെപ്റ്റംബർ 30 വരെയുള്ള കണക്ക് പ്രകാരം കേരളത്തില്‍ സാധാരണ കിട്ടേണ്ടതിനേക്കാള്‍ 28 ശതമാനം കുറവ് മഴ മാത്രമാണ് ലഭിച്ചത്.